ജപ്പാനിലെ ദ്വീപില്‍ രണ്ടാഴ്ചയ്ക്കിടെയുണ്ടായത് 900-ലധികം ഭൂകമ്പങ്ങള്‍. രാജ്യത്തെ ദക്ഷിണ ഭാഗത്തുള്ള ഈ ദ്വീപില്‍ ജനവാസം കുറവാണ്. എന്നാല്‍ അവിടെ താമസിക്കുന്നവര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ബുധനാഴ്ച 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. ജൂണ്‍ 21 മുതലാണ് ഭൂകമ്പ പരമ്പര ആരംഭിച്ചത്. ടോക്കര ദ്വീപിലാണ് ഭൂകമ്പം.
ദ്വീപിന് ചുറ്റുമുള്ള സമുദ്രത്തില്‍ ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമാണെന്ന് അധികൃതര്‍ പറഞ്ഞു. ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല, പക്ഷേ, ആവശ്യമെങ്കില്‍ ഒഴിയുന്നതിന് തയ്യാറാകാന്‍ അധികൃതര്‍ താമസക്കാര്‍ക്ക് നിര്‍ദേശം നല്കി.
ഉറങ്ങാന്‍ പോലും ഭയമാണെന്നും എപ്പോഴും കുലുങ്ങുന്നത് പോലെ തോന്നുന്നുവെന്നും പ്രദേശവാസി പറഞ്ഞു. ടോക്കര പ്രദേശത്ത് മുന്‍കാലങ്ങളിലും ഭൂകമ്പ പരമ്പര അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്രാവശ്യത്തെ ഭൂകമ്പങ്ങളുടെ ആവൃത്തി അസാധാരണമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പസഫിക് റിങ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നതിനാല്‍, ഭൂമിയിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്. ഓരോ വര്‍ഷവും 1,500 ഭൂകമ്പങ്ങള്‍ ഇവിടെ അനുഭവപ്പെടുന്നുണ്ട്.