തൊണ്ടയില്‍ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ ദുരൂഹത നിറയുന്നു. കോഴിക്കോട് പൊക്കുന്ന് നിസാറിന്റെ മകന് മുഹമ്മദ് ഇബാദാണ് മരിച്ചത്. 2023ല്‍ നിസാറിന്റെ 14 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. ഈ രണ്ടുമരണവും നിസാറിന്റെ ഭാര്യവീട്ടില്‍ വച്ചായിരുന്നു എന്നത് പിതാവിലും കുടുംബത്തിലും സംശയങ്ങള്‍ ഉയര്‍ത്തുകയാണ്.
തീര്‍ത്തും അസ്വാഭാവികത നിറഞ്ഞ സാഹചര്യമായതിനാലാണ് ഭാര്യവീട്ടുകാര്‍ക്കെതിരെ നിസാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ടൗണ്‍ പൊലീസിലാണ് പരാതി നല്‍കിയത്. പരാതി നല്കാന് വേറെയും ചില കാരണങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് മുന്‍പ് ഈ കുഞ്ഞ് ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചുവീഴുന്ന സാഹചര്യമുണ്ടായിരുന്നു. അന്ന് വലിയ പരുക്കുകളേല്‍ക്കാതെ കുഞ്ഞ് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ കുഞ്ഞിനെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനൊന്നും ഭാര്യവീട്ടുകാര്‍ തയ്യാറായിരുന്നില്ല. ആദ്യകുഞ്ഞിന്റെ മരണവും സമാന അവസ്ഥയില്‍ ഭാര്യവീട്ടില്‍ വച്ചായിരുന്നു. ഇങ്ങനെ നിരവധി അസ്വാഭാവികതകള്‍ തോന്നിയതിനെത്തുടര്‍ന്നാണ് പിതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
കോട്ടപ്പറമ്പ് ആശുപത്രിയിലാണ് ആദ്യം കുഞ്ഞിനെയെത്തിച്ചത്. എന്നാല്‍ മരിച്ചനിലയിലാണ് കുഞ്ഞിനെ എത്തിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്കുന്ന സൂചന. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്.