രണ്ട് കോടിയുടെ ബസ് നിരത്തിലുണ്ട്, പക്ഷേ ഓടിക്കാനാവില്ല; കോഴിക്കോട് ഡബിൾ ഡക്കറിന് കാത്തിരിപ്പ് നീളുന്നു

news image
Mar 22, 2026, 1:22 pm GMT+0000 payyolionline.in

കോഴിക്കോട്: മലബാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകാൻ രണ്ടു കോടി രൂപ ചെലവഴിച്ച് എത്തിച്ച ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് പത്ത് ദിവസം പിന്നിട്ടിട്ടും നിരത്തിലിറക്കാനാവാതെ അധികൃതർ പ്രതിസന്ധിയിൽ. ബസ് എന്നാണ് സർവീസ് തുടങ്ങുകയെന്നോ, ടിക്കറ്റ് നിരക്ക് എത്രയാണെന്നോ വ്യക്തമാക്കാൻ ഗതാഗത വകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. റോഡിന് കുറുകെയുള്ള താഴ്ന്നു കിടക്കുന്ന കേബിളുകളാണ് ബസ്സിന് പ്രധാന വില്ലനായിരിക്കുന്നത്.

റോഡിൽ നിന്നും അഞ്ച് മീറ്റർ പോലും ഉയരമില്ലാതെ കിടക്കുന്ന വൈദ്യുതി ലൈനുകളും സ്വകാര്യ ഇന്റർനെറ്റ് കേബിളുകളുമാണ് സർവീസിന് തടസ്സമാകുന്നത്. ഓപ്പൺ ടോപ്പ് ബസ്സായതിനാൽ മുകൾഭാഗത്ത് യാത്രക്കാർ എഴുന്നേറ്റ് നിൽക്കുകയോ കൈ ഉയർത്തുകയോ ചെയ്താൽ കേബിളിൽ തട്ടി വൻ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ആശങ്ക. ലൈനുകൾ ഏഴ് മീറ്ററെങ്കിലും ഉയരത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി.ക്കും എയർടെൽ, ജിയോ തുടങ്ങിയ കമ്പനികൾക്കും കത്ത് നൽകിയിട്ടുണ്ടെങ്കിലും നടപടികൾ ഇഴയുകയാണ്.

നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി സർവീസ് നടത്താനുള്ള റൂട്ടുകളെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ടെർമിനലിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി തിരികെ എത്തുന്ന നാല് ട്രിപ്പുകളാണ് പരിഗണനയിലുള്ളത്. അരയിടത്തുപാലം, സരോവരം, എരഞ്ഞിപ്പാലം, ഗാന്ധിറോഡ് മേൽപ്പാലം വഴി ബീച്ചിലെത്തി തിരിച്ചു വരുന്ന റൂട്ടിനാണ് മുൻഗണന.
തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, മൂന്നാർ എന്നിവിടങ്ങളിൽ വിജയകരമായി ഓടുന്ന ഡബിൾ ഡക്കർ കോഴിക്കോട്ടെ വിനോദസഞ്ചാരികൾക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. എന്നാൽ കേബിൾ കുരുക്ക് അഴിഞ്ഞാൽ മാത്രമേ നഗരക്കാഴ്ചകൾ കണ്ട് ഈ ബസ്സിൽ യാത്ര ചെയ്യാൻ ജനങ്ങൾക്ക് സാധിക്കൂ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe