ആലത്തൂർ : ആലത്തൂരിൽ സിറ്റിംഗ് എംപി രമ്യാ ഹരിദാസിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് മുന്നേറ്റം. നിലവിൽ 9712 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർത്ഥി ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണ രമ്യാ ഹരിദാസ് പാട്ടുപാടി ജയിച്ച മണ്ധലത്തിലാണ് സിപിഎം മുന്നേറ്റം. ഇത്തവണ കേരളത്തിൽ എൽഡിഎഫ് മുന്നേറ്റമുളള ഒരേയൊരു മണ്ഡലമാണ് ആലത്തൂർ.
ആലത്തൂരിൽ വിജയ പ്രതീക്ഷയുണ്ടെന്ന് കെ രാധാകൃഷ്ണൻ പ്രതികരിച്ചു. സംസ്ഥാനത്ത് പ്രതീക്ഷ മുന്നേറ്റം ഉണ്ടാക്കാൻ ഇടതുമുന്നണിക്ക് സാധിച്ചില്ല. പക്ഷേ കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല. ലക്ഷക്കണക്കിന് വോട്ട് ഇനിയും എണ്ണാനുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര, ആലത്തൂര്‍, നെന്മാറ, ചിറ്റൂര്‍, തരൂര്‍ എന്നിവയാണ് ആലത്തൂര്‍ മണ്ഡലത്തിലുൾപ്പെടുന്നപ്രധാന നിയമസഭാ മണ്ഡലങ്ങൾ. 2008-ല്‍ രൂപീകൃതമായ മണ്ഡലത്തിൽ മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളാണുണ്ടായത്. 2009ലും 2014 ലും സിപിഎമ്മിനെ പിന്തുണച്ച ആലത്തൂര്‍ 2019-ല്‍ സിപിഎമ്മിനെ കൈവിടുകയായിരുന്നു. ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലമായിരുന്ന ആലത്തൂര്‍ 2019 ൽ യുഡിഎഫിലേക്ക് മറിഞ്ഞു. ഹാട്രിക് തേടിയിറങ്ങിയ എല്‍ഡിഎഫിലെ പി കെ ബിജുവിനെതിരെ ( യുഡിഎഫിന്റെ രമ്യ ഹരിദാസ് (കോണ്‍ഗ്രസ്) 1,58,968 വോട്ടുകളുടെ വന്‍ വിജയമായിരുന്നു നേടിയത്.