തിരുവനന്തപുരം∙ രാജ്ഭവനിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള രാജ് വനിൽ ആദ്യമായിട്ടാണ് വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിച്ചത്. ‘ഓം ഹരിശ്രീ ഗണപതയേ നമ, അവിഘ്നമസ്തു’ എന്ന് ദേവനാഗിരി ലിപിയിലും ‘ഓം, അ, ആ’ എന്നിവ മലയാളത്തിലുമാണ് ഗവര്‍ണര്‍ എഴുതിച്ചത്. അറബിയിൽ എഴുതാൻ താൽപര്യം കാട്ടിയ കുട്ടികളെ അറബിയിലും എഴുതിച്ചു. അറബിക് അക്ഷരവും പിന്നെ ഖുറാനില്‍ അവതരിപ്പിക്കപ്പെട്ട ‘ദൈവനാമത്തിൽ വായിക്കൂ’ എന്നർഥം വരുന്ന ആദ്യ വാക്യവുമാണ് ഗവർണർ കുരുന്നുകൾക്കു കുറിച്ചത്.
ആകെ 61 കുട്ടികളാണ് രാജ്ഭവനിൽ വിദ്യാരംഭത്തിനായി റജിസ്റ്റർ ചെയ്തത്. ഇവരോടൊപ്പം ഗവർണറുടെ നാലു ചെറുമക്കളായ റാഹം, ഇവാന്, സീറ, അന്‍വീര്‍ എന്നിവരും ആദ്യാക്ഷരം എഴുതി. രാജ്ഭവന് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ വേദിയിലായിരുന്നു ചടങ്ങ്. രാവിലെ 7.45നു തുടങ്ങിയ വിദ്യാരംഭത്തില്‍ പങ്കെടുക്കാനായി 6.15ഓടു കൂടി കുട്ടികള്‍ എത്തിയിരുന്നു. തിരുവനന്തപുരത്തിനു പുറമേ കോട്ടയം, ഇടുക്കി, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നും കുട്ടികള്‍ എത്തി. കുട്ടികള്‍ക്കെല്ലാം സമ്മാനമായി അക്ഷരമാല, പ്രസാദം, കളറിങ് ബുക്ക്, ക്രയോണ്‍ തുടങ്ങിയവ നല്കി.
വിദ്യാരംഭ ചടങ്ങിനും പൂജയ്ക്കും നേതൃത്വം നല്കിയ ആചാര്യന് എസ്.ഗിരീഷ് കുമാര്‍, പ്രഫ. പൂജപ്പുര കൃഷ്ണന് നായര്‍, എന്‍. രാജീവ്, എം. ശങ്കരനാരായണന്, ആര്. രാജേന്ദ്രന്, ഡി. ഭഗവല്‍ദാസ് എന്നിവരെ ചടങ്ങിനുശേഷം ഗവര്‍ണര്‍ ആദരിച്ചു.