രാജ്യം ആര് ഭരിക്കും? നായിഡുവും നിതീഷും കാലുവാരിയാൽ ബിജെപിക്ക് അധികാരം നഷ്ടമാകും

news image
Jun 4, 2024, 4:18 pm GMT+0000 payyolionline.in

ദില്ലി: തീപാറും പോരാട്ടം കണ്ട ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ഫലം ഏറെക്കുറെ പൂർണമാകുമ്പോൾ കിംഗ് മേക്കർമാരെന്ന വിശേഷണത്തിലേക്ക് എത്തുകയാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആന്ധ്ര പ്രദേശിന്‍റെ മുഖ്യമന്ത്രി കസേരയിലേക്ക് ചുവടുവയ്ക്കുന്ന ചന്ദ്രബാബു നായിഡുവും. 400 സീറ്റിലേക്ക് എൻ ഡി എ എത്തുമെന്നും കേവല ഭൂരിപക്ഷം ബി ജെ പിക്ക് ഒറ്റയ്ക്ക് ലഭിക്കുമെന്നുമായിരുന്നു നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. എന്നാൽ ജനവിധിയിൽ പ്രഹരമേറ്റ ബി ജെ പിയുടെ, ഒറ്റയ്ക്ക് അധികാരത്തിലേറാമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെ മുന്നണിയിലെ ഘടകകക്ഷികളുടെ പ്രസക്തി ഏറുകയാണ്. പ്രത്യേകിച്ചും എൻ ഡി എ പക്ഷത്ത് തിളക്കമാർന്ന ജയം നേടിയ ജെ ഡിയുവും ടി ഡി പിയും. കാലുവാരലിന്‍റെയും കൂടുമാറലിന്‍റെയും ചരിത്രം ഒരുപാടുള്ള രണ്ട് പാർട്ടികളും ആരെ പിന്തുണക്കുമെന്നതാകും രാജ്യ ഭരണത്തിന്‍റെ കാര്യത്തിൽ നിർണായകമാകുക.

എൻ ഡി എ 294 എന്ന മാർജിനിൽ നിൽക്കുമ്പോൾ ബി ജെ പി ലീഡ് ചെയ്യുന്നതോ ജയിച്ചിട്ടുള്ളതോ ആയ മണ്ഡലങ്ങളുടെ എണ്ണം 239 മാത്രമാണ്. കേവല ഭൂരിപക്ഷത്തിന് 33 സീറ്റ് അകലമുണ്ടെന്ന് സാരം. എൻ ഡി എയുടെ ഭാഗമായി മത്സരിച്ച നായിഡുവിന്‍റെ തെലുഗുദേശം പാർട്ടിക്ക് 16 ഉം നിതീഷിന്‍റെ ജനതാദളിന് 12 ഉം സീറ്റുകളാണ് ഉള്ളത്. എൻ ഡി എയെ സംബന്ധിച്ചടുത്തോളം ഈ രണ്ട് പേരും അവരുടെ പാർട്ടിയും അതീവ നി‍ർണായകമാണ്. നിരവധി തവണ മുന്നണി മാറി ചരിത്രമുള്ള ഇരുവരും മനസുവച്ചാൽ ബി ജെ പി അധികാരത്തിൽ നിന്ന് നിഷ്കാസിതമാകും.

കിംഗ് മേക്കർമാരായ നിതീഷിന്‍റെയും നായിഡുവിന്‍റെയും വിലപേശൽ ശക്തി എത്രത്തോളമുണ്ടെന്നത് വരും ദിവസങ്ങളിൽ മാത്രമേ കണ്ടറിയാനാകു. ഇപ്പോൾ തന്നെ ഇന്ത്യ മുന്നണി ഇരുവരെയും ബന്ധപ്പെട്ടുകഴിഞ്ഞു. അടുത്തിടെവരെ ഇന്ത്യ മുന്നണിയുടെ ഭാഗമായിരുന്ന ഇരുവരെയും പാളയത്തിലെത്തിക്കാനുള്ള ശ്രമം കോൺഗ്രസും മറ്റ് പ്രബല കക്ഷികളും പരമാവധി ശ്രമിക്കും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇതിനകം തന്നെ നിതീഷിനെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം അന്തരീക്ഷത്തിൽ ഉയർത്തിയിട്ടുണ്ട്.

മറുവശത്ത് ബി ജെ പിയാകട്ടെ എന്ത് വിലകൊടുത്തും ഇരുവരെയും ഒപ്പം നിർത്താൻ ശ്രമിക്കുമെന്ന് ഉറപ്പാണ്. പക്ഷേ കഴിഞ്ഞ തവണ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയ അവസ്ഥയാകില്ല എൻ ഡി എയിൽ ബി ജെ പി നേരിടേണ്ടിവരിക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 43 സീറ്റ് മാത്രം നേടിയിട്ടും ബിഹാറിലെ മുഖ്യമന്ത്രി പദം കൈക്കലാക്കിയ നിതീഷിന്‍റെ കൗശലം ബി ജെ പി പ്രതീക്ഷിക്കുന്നതിലും വലിയ വെല്ലുവിളി ഉയർത്തുമോ എന്നതാണ് കണ്ടറിയേണ്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe