തിരുവനന്തപുരം: ഇന്ത്യയിലെ എല്ലായിടത്തും പവർ കട്ടുണ്ടെന്നും പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ലെന്നും മുഖ്യമന്ത്രി വിഡി സതീശൻ. ഈ മാസം ഉപഭോഗം ഉയരുമെന്ന് മുൻകൂട്ടി കണ്ട് ആസൂത്രണം നടന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത മാസം മുതൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ നാളെ വിപുലമായ യോഗം ചേരും.
ഒരാഴ്ചയ്ക്കുള്ളിൽ കൺട്രോൾ ആകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പറഞ്ഞെങ്കിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്. സർക്കാരിന് ഷോക്കായ വൈദ്യുതി പ്രതിസന്ധിയിൽ മുൻ സർക്കാരിനെ പഴിക്കുന്നത് മുഖ്യമന്ത്രി അവർത്തിച്ചു. യുഡിഎഫ് കാലത്തെ ദീർഘ കരാർ നഷ്ടമുണ്ടാക്കിയെന്ന വിജിലൻസ് കണ്ടെത്തൽ പുറത്തുവന്നെങ്കിലും 465 മെഗാവാട്ടിൻറെ കരാർ ഇടതു സർക്കാരിൻറെ കാലത്ത് റദ്ദാക്കിയത് തെറ്റായിപ്പോയെന്ന് വിമർശനം തുടരുകയാണ്. ഇതിനൊപ്പമാണ് സെപ്തംബറിൽ ഉയർന്ന ഉപയോഗം മുൻകൂട്ടി ആസൂത്രണം ചെയ്തില്ലെന്ന് സമ്മതിക്കുന്നതും.
ഈ മാസം പീക്ക് സമയത്ത് ആവശ്യത്തിനുള്ള വൈദ്യുതിയില്ലെന്ന് ജൂണിലേ വ്യക്തമായിരുന്നു. ഇപ്പോൾ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ നടത്തിയ ശ്രമം നേരത്തെ ചെയ്തില്ല . 150 മെഗാവാട്ട് കൂടി ന്യൂക്ലിയർ പവർ കോർപറേഷൻ ഉടൻ അധികമായി തരുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. അതേ സമയം കഴിഞ്ഞ ദിവസത്തെക്കാൾ ഇന്നലെ ഉപയോഗം കൂടി. 93.4 ദശലക്ഷം യൂണിറ്റായി .ദീർഘകാല കരാർ വഴിയുള്ള വൈദ്യുതി ലഭ്യത പഴയ പടി ആയില്ല. അതേ സമയം അണക്കെട്ടുകളിലെ വെള്ളം 61 ശതമാനമായി കുറഞ്ഞു. ഇത് വേനൽക്കാലത്ത് കടുത്ത പ്രതിസന്ധിയുണ്ടാകാമെന്നതിൻറെ മുന്നറിയിപ്പാണ്.
