രാജ്യത്തെ ആദ്യ ഡിജിറ്റൽ കോടതി കൊല്ലത്ത്‌; 24 മണിക്കൂറും കേസ്‌ ഫയൽ ചെയ്യാം

news image
Nov 19, 2024, 8:39 am GMT+0000 payyolionline.in

കൊല്ലം > ഇന്ത്യയിൽ ആദ്യമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പേപ്പർരഹിത ഡിജിറ്റൽ കോടതി  (24×7 ഓപ്പൺ ആൻഡ്‌ നെറ്റ്‌ വർക്ക്‌ഡ്‌ കോടതി) കൊല്ലത്ത്‌ പ്രവർത്തനം തുടങ്ങുന്നു. ബുധനാഴ്‌ചയാണ് ആദ്യ കേസ് സ്വീകരിക്കുക. പണമടച്ചുതീർക്കൽ നിയമ (നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ്‌സ്‌ ആക്ട്‌) പ്രകാരമുള്ള ചെക്ക്- വ്യാപക കേസുകളാകും കോടതി പരിഗണിക്കുക. സുപ്രീംകോടതി ജസ്റ്റിസ്‌ ആർ എ ഗവായ്‌ ആഗസ്‌ത്‌ 16ന്‌ ഡിജിറ്റൽ കോടതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ചിരുന്നു.

കാലത്തിന്റെ മാറ്റത്തിനനുസരിച്ച്‌ ജനങ്ങൾക്ക്‌ പുത്തൻ വ്യവഹാര പരിഹാര അനുഭവം നൽകുന്നതാണ്‌ പുതിയ കോടതി.  വെബ്‌സൈറ്റിലൂടെ നിശ്‌ചിത ഫോമിൽ ഓൺലൈനായാണ്‌ കേസ്‌ ഫയൽ ചെയ്യേണ്ടത്‌. കക്ഷികളോ അഭിഭാഷകരോ നേരിട്ട്‌ കോടതിയിൽ ഹാജരാകേണ്ട. കേസിന്റെ നടപടി ക്രമങ്ങൾ എല്ലാം ഓൺലൈനായാണ്‌. പ്രതിക്കുള്ള സമൻസ്‌ അതത്‌ പൊലീസ്‌ സ്റ്റേഷനുകളിൽ ഓൺലൈനായി ലഭ്യമാക്കും. കോർട്ട്‌ ഫീസ്‌ ഇ പേമെന്റായി ട്രഷറിയിൽ അടയ്‌ക്കാം. പ്രതിയും ജാമ്യക്കാരും ഓൺലൈനായി ഹാജരായി രേഖ അപ്‌ലോഡ്‌ ചെയ്‌ത്‌ ജാമ്യം നേടാം. വിചാരണ, വാദം ഉൾപ്പെടെ എല്ലാ നടപടിക്രമങ്ങളും ഓൺലൈനായാണ്‌. ഒരു മജിസ്‌ട്രേട്ടും മൂന്നു ജീവനക്കാരും മാത്രമാണ്‌ ഉണ്ടാകുക. കൊല്ലത്തെ നാലു കോടതികളിലെ സമാന കേസുകൾ 20 മുതൽ ഡിജിറ്റൽ കോടതിയാകും പരിഗണിക്കുക. പ്രവർത്തനം വിലയിരുത്തി ഡിജിറ്റൽ കോടതി കൂടുതൽ ജില്ലകളിൽ തുടങ്ങും.

കോടതിയുടെ പ്രവർത്തനം സംബന്ധിച്ച്‌ അഭിഭാഷകർക്കും ക്ലർക്കുമാർക്കും തിങ്കളാഴ്‌ച കൊല്ലം ബാർ അസോസിയേഷൻ ഹാളിൽ പരിശീലനം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe