രാജ്യത്ത് ആദ്യം: ഗവ. എൽ.പി സ്കൂളിന് എയർകണ്ടീഷൻ കെട്ടിടം നിർമിച്ച് മലപ്പുറം നഗരസഭ

news image
Oct 13, 2025, 2:39 pm GMT+0000 payyolionline.in

മലപ്പുറം: രാജ്യത്ത് ആദ്യമായി ഗവൺമെന്റ് മേഖലയിൽ സമ്പൂർണമായി എയർകണ്ടീഷൻ ചെയ്ത കെട്ടിടത്തോടുകൂടിയ മോഡേൺ ഹൈടെക് സ്കൂൾ മലപ്പുറം നഗരസഭയിൽ നിർമാണം പൂർത്തിയായി. 8 ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം,എച്ച്.എം റൂം തുടങ്ങി മുഴുവൻ ഭാഗവും എയർകണ്ടീഷൻ ചെയ്താണ് കെട്ടിടം സമ്പൂർണമായും നിർമാണം പൂർത്തിയാക്കിയത്. പതിനായിരത്തോളം സ്ക്വയർ ഫീറ്റ് ഉള്ള ഗ്രൗണ്ട് ഫ്ലോറിന് പുറമെ ഒന്നും രണ്ടും നിലകളിലായാണ് സമ്പൂർണ്ണമായും എയർകണ്ടീഷൻ ക്ലാസ് റൂമുകൾ നിർമ്മിച്ചത്. സാധാരണ ബെഞ്ച് ഡെസ്കുകളിൽ നിന്ന് വ്യത്യസ്തമായി മോഡേൺ എഫ്ആർപി ബെഞ്ച് , ഡെസ്കുകൾ ആണ് സ്കൂളിലെ ക്ലാസുകളിലും വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയത്. കൂടാതെ ഓരോ നിലയിലും പ്യൂരിഫൈഡ് വാട്ടർ കിയോസ്കുകൾ, മുഴുവൻ ക്ലാസ് മുറികളിലും ഡിജിറ്റൽ സ്ക്രീനുകൾ, സ്കൂൾ മുഴുവനായി ഇന്റഗ്രേറ്റഡ് സൗണ്ട് സിസ്റ്റം, തുടങ്ങി സമ്പൂർണ്ണമായും ആധുനിക സൗകര്യങ്ങളോടുകൂടിയാണ് മോഡേൺ ഹൈടെക് ഗവ: എൽ.പി സ്കൂൾ നിർമ്മാണം പൂർത്തിയാക്കിയത്.

 

നൂറ് വർഷത്തോളം പഴക്കമുണ്ടായിരുന്ന മേൽമുറി മുട്ടിപ്പടി സ്കൂളിന്റെ പഴയ കെട്ടിടം ജീർണാവസ്ഥയിലായി വിദ്യാഭ്യാസ വകുപ്പ് പ്രവേശനാനുമതി ഉൾപ്പെടെയുള്ളത് വിലക്കിയിരുന്നു. മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, വാർഡ് കൗൺസിലർ സി.കെ നാജിയ ശിഹാർ എന്നിവരുടെ നേതൃത്വത്തിൽ സ്വന്തമായി നഗരസഭ സ്ഥലം വാങ്ങിയാണ് ആധുനിക കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയത്. ക്ലാസ് റൂമിൽ പ്രവേശിക്കുന്നതിനു മുമ്പായി വിദ്യാർത്ഥികൾക്ക് പാദരക്ഷകൾ സൂക്ഷിക്കുന്നതിന് പ്രത്യേകമായ ഷൂ റാക്കുകൾ, ഓരോ ക്ലാസ് റൂമിലും പ്രത്യേക ക്ലാസ് റൂം ലൈബ്രറികൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് കെട്ടിടത്തിൽ പൂർത്തിയാക്കിയത്. കെട്ടിട നിർമാണത്തിനും എയർകണ്ടീഷൻ സൗകര്യങ്ങളും സോളാർ സിസ്റ്റവും, ആധുനിക സ്കൂൾ ഫർണിച്ചറുകളും, ചുറ്റുമതിൽ, ഇൻറർലോക്ക് ഉൾപ്പെടെയുള്ളത് പൂർത്തിയാക്കിയ സ്കൂൾ കെട്ടിടത്തിന് ഏകദേശം അഞ്ചു കോടി രൂപയാണ് ചിലവഴിച്ചത്. മലപ്പുറം നഗരസഭയുടെ തുക ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. നിർമ്മാണത്തിന് സ്ഥലം എംഎൽഎ പി ഉബൈദുള്ള വികസന ഫണ്ടിൽ നിന്ന് അൻപത് ലക്ഷം രൂപയും അനുവദിച്ചിരുന്നു. ആധുനിക മോഡേൺ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 19 ന് ഞായർ വൈകീട്ട് നാല് മണിക്ക് ഇടി മുഹമ്മദ് ബഷീർ എംപി നിർവഹിക്കും. പി ഉബൈദുള്ള എംഎൽഎ, നഗരസഭ ചെയർമാൻ മുജീബ് കാടേരി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ പങ്കെടുക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി സാംസ്കാരിക ഘോഷയാത്രയും വൈകിട്ട് കലാസന്ധ്യയും നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe