കണ്ണൂർ : രാജ്യത്തെ ആദ്യ എലിവേറ്റഡ് വാക് വേയാണ് തലശ്ശേരിയില്‍ ഇതോടെ യാഥാര്‍ഥ്യമാകുന്നു. കിഫ്ബി സഹായത്തോടെയാണ് തലശ്ശേരി മണ്ഡലത്തില്‍ കടല്‍പ്പാലം എലിവേറ്റഡ് വാക്ക് വേയുടെയും സൈറ്റ് ബ്യൂട്ടിഫിക്കേഷന്‍ പ്രവര്‍ത്തിയും നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രവൃത്തി മെയ് അവസാനത്തോടെ ടെണ്ടര്‍ ചെയ്യാന്‍ നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
എലിവേറ്റഡ് വാക് വേയും ചരിത്രമുറങ്ങുന്ന കടല്‍പ്പാലം മുതല്‍ ജവഹര്‍ ഘട്ട് വരെയുള്ള പ്രദേശത്തിന്റെ സൗന്ദര്യവത്കരണവും പൂര്‍ത്തിയാകുന്നതോടെ തലശ്ശേരി പൈതൃക ടൂറിസത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന് സഹായകരമാകുമെന്നും സ്പീക്കര്‍ പറഞ്ഞു. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മുഖേനെ ഇ പി സി മോഡിലാണ് പ്രോജക്ട് നടപ്പാക്കുന്നത്.
സ്പീക്കറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ കിഫ്ബി സീനിയര്‍ ജനറല്‍ മാനേജര്‍ പി ഷൈല, കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ ശോഭ, ചീഫ് എഞ്ചിനിയര്‍ പ്രകാശ് ഇടിക്കുള, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോന്‍, എസ്കെ അര്‍ജുന്‍ എന്നിവര്‍ പങ്കെടുത്തു.