രാജ്യത്ത് പുതിയ ജിഎസ്‍ടി നിരക്ക് പ്രാബല്യത്തിൽ; ഇനി 5%,18% സ്ലാബുകള്‍ മാത്രം, വിലക്കുറവിന്‍റെ ഗുണം ജനങ്ങളിലെത്തിക്കാൻ വിപണിയിൽ കര്‍ശന നിരീക്ഷണം

news image
Sep 22, 2025, 1:22 am GMT+0000 payyolionline.in

ദില്ലി: രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍. അഞ്ചു ശതമാനവും, 18 ശതമാനം എന്നീ രണ്ടു സ്ലാബുകളില്‍ മാത്രമായിരിക്കും ഇന്ന് മുതൽ ജിഎസ്‍ടി നികുതി നിരക്ക്. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം സ്ലാബിലാകും വരികയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. വിലക്കുറവിന്‍റെ ഗുണം ജനങ്ങൾക്ക് ലഭ്യമാക്കാൻ വിപണിയിൽ നീരീക്ഷണം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പാലുൽപ്പന്നങ്ങൾക്കും ജിഎസ്ടി ഇളവ് ലഭിച്ചതോടെ മിൽമയുടെ പാലുൽപ്പന്നങ്ങൾക്ക് ഇന്ന് മുതല്‍ വില കുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് കുറയുന്നത്. മില്‍മ നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് 225 രൂപയ്ക്ക് ലഭിക്കും. 500 ഗ്രാം പനീറിന്‍റെ വില 245 രൂപയില്‍ നിന്ന് 234 രൂപയായി കുറയും. ഒരു ലിറ്റർ മിൽമ വാനില ഐസ്ക്രീമിന്‍റെ വില 220 രൂപയിൽ നിന്ന് 196 രൂപയായും കുറഞ്ഞിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ലോട്ടറിയുടെ ജിഎസ് ടി കൂട്ടിയെങ്കിലും ടിക്കറ്റിന്‍റെ വില കൂടില്ല. നിലവിലെ ടിക്കറ്റ് നിരക്ക് തുടരുമെന്ന് ധനവകുപ്പ് വ്യക്തമാക്കി. സമ്മാനത്തുകയുടെ എണ്ണത്തിലും ഏജൻറുമാരുടെ കമ്മീഷനിലും മാറ്റം വരുത്താനാണ് തീരുമാനം. കമ്മീഷനിലായിരിക്കും വലിയ കുറവുണ്ടാകുക. ലോട്ടറി ജി എസ് ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായാണ് കൂടിയത്.

വിലക്കുറവ് സംബന്ധിച്ച് കർശന നിരീക്ഷണം ഉണ്ടാകുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കമ്പനികൾ വിലക്കുറവിൻ്റെ ഗുണം ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ഉറപ്പാക്കും. അതേസമയം, കഴിഞ്ഞക്കാലത്തെ അധിക ജി എസ് ടിയുടെ ലാഭം സംസ്ഥാനങ്ങൾ ഉൾപ്പെടെ കേന്ദ്രം നൽകുമോയെന്ന് അഖിലേഷ് യാദവ് വിമര്‍ശിച്ചു.

 

 

നികുതി ഭാരത്തിൽ നിന്ന് ജനങ്ങള്‍ക്ക് മോചനം

 

സാധാരണക്കാർക്ക് വലിയ ആശ്വാസമാകും ജിഎസ്‍ടി നികുതി നിരക്കിലെ മാറ്റമെന്നാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. പുതിയ പരിഷ്ക്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തു. മധ്യവർഗം, യുവാക്കൾ, കർഷകർ അങ്ങനെ എല്ലാവർക്കും പ്രയോജനം ലഭിക്കും. ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചിലവിൽ നിറവേറ്റപ്പെടും. നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം ഉണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കൂടാതെ, പല തരം നികുതികൾ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നെന്നും ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സർക്കാർ ഇത്തരമൊരു തീരുമാനമടുത്തതെന്നും ഒരു രാജ്യം, ഒരു നികുതിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണെന്നും മോദി പറഞ്ഞു. ഈ പരിഷ്ക്കാരത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളുടെയും ആശങ്കകളെ അഭിസംബോധന ചെയ്യുന്നു. എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച നടത്തിയാണ് ഈ തീരുമാനമെടുത്തത്. നാളെ മുതൽ 5 %, 18 % നികുതി സ്ലാബുകൾ മാത്രമാണ് ഉണ്ടാവുക. 99% ശതമാനം സാധനങ്ങളും 5%സ്ലാബിൽ വരും. അങ്ങനെ വിലക്കുറിന്‍റെ വലിയ ആനുകൂല്യമാണ് ജനങ്ങളിലേക്ക് എത്താന്‍ പോകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe