ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ 3000ന കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 3395 ആക്ടിവ് കൊവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിൽ ഉള്ളത്. കേരളത്തിലാണ് ഏറ്റവും കൂടൂതൽ രോഗികൾ ഉള്ളത്. 1336 ആക്ടിവ് കൊവിഡ് കേസുകളാണ് കേരളത്തിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര,ദില്ലി, ഗുജറാത്തിൽ, കർണാടക എന്നീ സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 കൊവിഡ് മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ വേണ്ട തയ്യാറെടുപ്പുകൾ നടത്തണമെന്ന് കേന്ദ്രം നിർദ്ദേശം നൽകി. ആവശ്യമായ കിടക്കകളും മരുന്നുകളും വാക്സിനുകളും ഓക്സിജനും സജ്ജമാക്കണമെന്നാണ് നിർദ്ദേശം. മറ്റു രോഗങ്ങൾ ഉള്ളവർ പൊതുഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.