രാജ്യവികസനത്തിന്‌ കേരളം നൽകുന്നത്‌ മികച്ച പിന്തുണ : മുഖ്യമന്ത്രി 

news image
Jan 18, 2024, 4:31 am GMT+0000 payyolionline.in
കൊച്ചി: രാജ്യത്തിന്റെ വികസനത്തിന്‌ കേരളം മികച്ച പിന്തുണയാണ്‌ നൽകുന്നതെന്നും അതിന്റെ ഉത്തമ മാതൃകയാണ്‌ കൊച്ചി കപ്പൽശാലയിൽ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌ത പദ്ധതികളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മെയ്‌ക്ക്‌ ഇൻ ഇന്ത്യയിലെ അവിഭാജ്യഘടകമായി മെയ്ഡ് ഇൻ കേരള മാറുന്നതിന്റെ ഉദാഹരണംകൂടിയാണിത്‌. കൊച്ചി കപ്പൽശാലയിലെയും പുതുവൈപ്പ്‌ എൽപിജി ടെർമിനലിലെയും വികസനപദ്ധതികളുടെ ഉദ്‌ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോകത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുന്നതാണ്‌ മെയ്ഡ് ഇൻ കേരള ഉൽപ്പന്നങ്ങൾ. ഐഎസ്ആർഒയുടെ ചാന്ദ്രയാൻ 3ലും ആദിത്യ മിഷനിലും കേരളത്തിലെ നിരവധി വ്യവസായ സ്ഥാപനങ്ങളാണ്‌ പങ്കാളികളായത്‌. ചാന്ദ്രയാൻ 3 മിഷനിൽ കേരളത്തിലെ ആറ് പൊതുമേഖലാ സ്ഥാപനങ്ങളും ഇരുപതോളം എംഎസ്എംഇ സ്ഥാപനങ്ങളും പങ്കാളികളായി. ആദിത്യ മിഷനിൽ കേരളത്തിലെ നാല് പൊതുമേഖലാ സ്ഥാപനങ്ങൾ പങ്കാളികളായി.

ചാന്ദ്രയാൻ 3ന്റെ 41 ഇലക്ട്രോണിക്സ് മൊഡ്യൂളുകൾ നിർമിച്ചുനൽകിയത് കെൽട്രോണാണ്. കെഎംഎംഎല്ലിൽനിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ അലോയികളാണ് ബഹിരാകാശപേടകത്തിൽ ഉപയോഗിച്ചത്. ടൈറ്റാനിയം, അലുമിനിയം ഫോർജിങ്ങുകളും അനുബന്ധ ഉൽപ്പന്നങ്ങളും സ്റ്റീൽ ആൻഡ്‌ ഫോർജിങ്സ്‌ ലിമിറ്റഡാണ് നിർമിച്ചുനൽകിയത്.  സോഡിയം ക്ലോറൈറ്റ്‌ ക്രിസ്റ്റലുകൾ നൽകിയത് ടിസിസിയാണ്. കെഎഎല്ലും സിഡ്കോയുമാണ്‌ മെഷീൻ ഘടകങ്ങൾ നിർമിച്ചുനൽകിയത്.

ആദിത്യ എൽ 1 വിക്ഷേപിച്ച പിഎസ്എൽവി റോക്കറ്റിൽ കെൽട്രോണിൽ നിർമിച്ച 38 ഇലക്ട്രോണിക്സ് മൊഡ്യൂളുകൾ ഉപയോഗിച്ചു. റോക്കറ്റിന്റെ വിവിധ ഘട്ടങ്ങൾക്കുള്ള ഫോർജിങ്ങുകൾ വികസിപ്പിച്ചുനൽകിയത് എസ്ഐഎഫ്എൽ ആണ്. റോക്കറ്റിന്റെ സാറ്റലൈറ്റ് സെപ്പറേഷൻ സിസ്റ്റത്തിന് വിവിധതരം ഘടകങ്ങൾ നൽകിയത്‌ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡാണ്.ജലമെട്രോയ്ക്കായി കൊച്ചി കപ്പൽശാല നിർമിച്ച ബോട്ടുകൾ പൊതുമേഖലാ സഹകരണത്തിന്റെ ഉദാത്ത മാതൃകയാണ്‌. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽനിന്നുവരെ ബോട്ടിന്‌  ആവശ്യക്കാരെത്തുന്നത്‌ അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe