രാത്രിയിൽ കാർ തടഞ്ഞുനിർത്തി, അസഭ്യം: ദമ്പതികൾക്കുനേരെ സദാചാര ഗുണ്ടായിസം

news image
Jan 4, 2023, 3:26 am GMT+0000 payyolionline.in

മൂവാറ്റുപുഴ ∙ കാറിൽ കുഞ്ഞുമായി രാത്രി യാത്ര ചെയ്ത ദമ്പതികൾക്കു നേരെ മൂന്നംഗ സംഘത്തിന്റെ സദാചാര ഗുണ്ടായിസം. തിങ്കളാഴ്ച രാത്രി പത്തരയോടെ വാളകം സിടിസി കവലയ്ക്കു സമീപമുള്ള കുന്നയ്ക്കാൽ റോഡിൽ വാളകം പൂച്ചക്കുഴി വടക്കേക്കര വീട്ടിൽ ഡെനിറ്റിനും ഭാര്യ റീനി തോമസിനുമാണ് ആക്രമണം നേരിടേണ്ടി വന്നത്.

 

കാർ തടഞ്ഞു നിർത്തി അസഭ്യം പറയുകയും കയ്യേറ്റത്തിനു മുതിരുകയും ചെയ്ത സംഘം കാറിന്റെ റിയർ വ്യൂ മിററും നമ്പർ പ്ലേറ്റും തകർത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡെനിറ്റിന്റെയും റീനിയുടെയും 5 മാസം പ്രായമുള്ള കുഞ്ഞ് തുടർച്ചയായി കരഞ്ഞപ്പോൾ കുഞ്ഞിനെയും കൂട്ടി കാറിൽ പുറത്തേക്ക് ഇറങ്ങിയതാണ് ഇരുവരും. യാത്രയ്ക്കിടെ സ്കൂട്ടറുമായി എതിരെ വന്നയാൾ കാറിന്റെ ഉള്ളിലേക്കു നോക്കിയ ശേഷം കടന്നുപോയിരുന്നു.

അൽപനേരത്തിനു ശേഷം ഇയാൾ മറ്റു രണ്ടു പേരുമായി തിരികെ എത്തി കാറിനു മുന്നിലേക്ക് സ്കൂട്ടർ ഓടിച്ചു കയറ്റി തടഞ്ഞെന്നാണ് ഡെനിറ്റ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. രാത്രി എവിടേക്കു പോകുന്നെന്നും എന്താണു പരിപാടി എന്നും ചോദിച്ച് അസഭ്യം പറയുകയും അര മണിക്കൂറോളം ഇവരെ റോഡിൽ തടഞ്ഞുവയ്ക്കുകയും ചെയ്തു. റീനി പൊലീസിനെ വിളിക്കുന്നതു കണ്ടതോടെ സംഘം സ്ഥലം വിട്ടു. ആക്രമണത്തിനു നേതൃത്വം നൽകിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe