രാത്രി ഏഴിന് ശേഷം കോഴിക്കോട് എത്തുന്ന രീതിയിൽ കോയമ്പത്തൂർ-മംഗലാപുരം ഇന്റർസിറ്റി എക്സ്പ്രസ് അനുവദിക്കുന്നത് സജീവ പരിഗണനയിൽ -ഷാഫി പറമ്പിൽ

news image
May 19, 2025, 12:27 pm GMT+0000 payyolionline.in

വടകര: രാത്രി ഏഴുമണിക്ക് ശേഷം കോഴിക്കോട് എത്തുന്ന രീതിയിൽ കോയമ്പത്തൂർ-മംഗലാപുരം ഇന്റർസിറ്റി എക്സ്പ്രസ് അനുവദിക്കുന്നത് സജീവ പരിഗണനയിലുണ്ടെന്ന് ദക്ഷിണ മേഖല റെയിൽവേ ജനറൽ മാനേജർ അറിയിച്ചതായി വടകര എം.പി ഷാഫി പറമ്പിൽ. ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന് ഷാഫി നേരത്തെ നിവേദനം നൽകിയിരുന്നു. പാലക്കാട് വിളിച്ചു ചേർത്ത എം.പിമാരുടെ യോഗത്തിലാണ് ഇക്കാര്യം പരിഗണനയിലുള്ളതായി റെയിൽവേ ജനറൽ മാനേജർ അറിയിച്ചത്.

കോഴിക്കോട് നിന്ന് വൈകീട്ട് 06.30 ന് ശേഷം വടക്ക് ഭാഗത്തേക്ക് രാത്രി പത്ത് മണി വരെ ട്രെയിനുകളില്ല. ഈ സാഹചര്യത്തിലാണ് കോയമ്പത്തൂരിൽനിന്ന് മംഗലാപുരത്തേക്ക് പുതിയ ഇന്റർസിറ്റി എക്സ്പ്രസ് രാത്രി 7 മണിക്ക് ശേഷം കോഴിക്കോട് എത്തുന്ന രീതിയിൽ സമയ ക്രമീകരണം നടത്തി അനുവദിക്കണമെന്ന് കാണിച്ച് റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ – മംഗലാപുരം റൂട്ടിൽ പുതിയ ഇന്റർസിറ്റി എക്സ്പ്രസ് അനുവദിക്കുന്നത് റെയിൽവേയുടെ സജീവ പരിഗണനയിലുള്ളതായി ജനറൽ മാനേജർ അറിയിച്ചു. ഇതേ ട്രെയിൻ കാലത്ത് മംഗലാപുരത്ത് നിന്ന് ആരംഭിക്കുന്ന തരത്തിൽ ക്രമീകരിച്ചാൽ ആരോഗ്യ-വിദ്യാഭ്യാസ കാര്യങ്ങൾക്ക് ഉൾപ്പടെ നിരവധി പേർക്ക് വലിയ ആശ്വാസമാകുമെന്ന് എം.പി അഭിപ്രായപ്പെട്ടു. കൂടാതെ പരശുറാം എക്സ്പ്രസിലെ യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് ഒരു പുതിയ കോച്ച് കൂടി അനുവദിക്കാമെന്നും യോഗത്തിൽ ധാരണയായിട്ടുണ്ട്. യോഗത്തിൽ റെയിൽവെയുമായി ബന്ധപ്പെട്ട് വടകര പാർലമെന്റ് നിയോജക മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ ഉന്നയിച്ചു.

കൊയിലാണ്ടി സ്റ്റേഷ നവീകരണം

എൻ എസ് ജി 3 കാറ്റഗറിയിൽപെട്ട കൊയിലാണ്ടി സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ലിഫ്റ്റ്, സി സി ടി വി, ആധുനിക അനൗൺസ്‌മെന്റ് സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നുണ്ട്. സ്റ്റേഷന്റെ പൂർണമായ നവീകരണം അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അതിന് സാങ്കേതികമോ, ഭരണപരമോ ആയ കാലതാമസം ഉണ്ടെങ്കിൽ തുല്യമായ മറ്റു വികസനപദ്ധതികളിൽ ഉൾപ്പെടുത്തി പ്രവർത്തനം നടത്തണമെന്നും ആവശ്യപ്പെട്ടു. അനുകൂല തീരുമാനം ഉണ്ടാകുമെന്ന് റെയിൽവേ GM ഉറപ്പ് നൽകി.

കൊയിലാണ്ടി നല്ല വളർച്ചയും സാധ്യതകളുമുളള സ്റ്റേഷൻ ആയത് കൊണ്ട് തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും ഇൻറർസിറ്റി ഉൾപ്പടെ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതും സജീവമായി പരിഗണിക്കുമെന്നും റെയിൽവേ ബോർഡ് അംഗീകാരത്തിന് ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe