രാത്രി ചോദ്യപേപ്പർ മുറിക്ക്​ സമീപം​ എത്തിയ പ്രിൻസിപ്പലിന്​ സസ്​പെൻഷൻ

news image
Mar 13, 2025, 7:08 am GMT+0000 payyolionline.in

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ സൂക്ഷിച്ച മുറിക്ക്​ സമീപം രാത്രിയിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ട്​ നാട്ടുകാർ തടഞ്ഞുവെച്ച പ്രിൻസിപ്പലിനെയും ഓഫിസ്​ അസിസ്റ്റന്‍റിനെയും പൊതുവിദ്യാഭ്യാസ ഡയറക്​ടർ സസ്​പെൻഡ്​​ ചെയ്തു. തിരുവനന്തപുരം അമരവിള ലണ്ടൻ മിഷൻ സൊസൈറ്റി ഹയർസെക്കൻഡറി സ്കൂൾ(എൽ.എം.എസ്​ എച്ച്​.എസ്​.എസ്)​ ​പ്രിൻസിപ്പൽ റോയി ബി. ജോൺ, പേരിക്കോണം എൽ.എം.എസ്​ യു.പി.എസ്​ ഓഫിസ്​ അസിസ്റ്റന്‍റ്​ ലെറിൻ ഗിൽബർട്ട്​ എന്നിവരെയാണ്​ സസ്​പെൻഡ്​​ ചെയ്തത്​. ഹയർ സെക്കൻഡറി തിരുവനന്തപുരം മേഖല ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച റി​പ്പോർട്ടിനെ തുടർന്നാണ്​ നടപടി.

കഴിഞ്ഞ​ അഞ്ചിന് രാത്രി പത്തിന്​​ ശേഷം സ്കൂളിലെ ചോദ്യപേപ്പർ സൂക്ഷിക്കുന്ന മുറിക്ക്​ സമീപം മറ്റ്​ രണ്ട്​ പേരോടൊപ്പം ​പ്രിൻസിപ്പലിനെ കണ്ടതായി പി.ടി.എ പ്രസിഡന്‍റ്​ റിപ്പോർട്ട്​ ചെയ്തിരുന്നു. പരീക്ഷ ചുമതലകളിൽനിന്ന്​ ഒഴിവായ ശേഷം ​പ്രിൻസിപ്പൽ പരീക്ഷയുടെ ഇൻവിജിലേറ്ററായി അരുമാളൂർ എൽ.എം.എസ്​ എൽ.പി സ്കൂളിലെ അധ്യാപകനെ നിയമവിരുദ്ധമായി നിയമിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​.

പേരിക്കോണം സ്കൂളിലെ ഓഫിസ്​ അസിസ്റ്റന്‍റ് ലെറിൽ ഗിൽബർട്ട്​ ചോദ്യപേപ്പർ സൂക്ഷിച്ച അമരവിള സ്കൂളിൽ മാർച്ച്​ അഞ്ച്​ വരെ അനധികൃതമായി നൈറ്റ്​ വാച്ച്​മാന്‍റെ ചുമതലയിൽ ജോലി ചെയ്​തതായും റിപ്പോർട്ടിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe