കൊച്ചി: കേരളത്തിൽ നിന്ന് ആന്ധ്രയിലേക്ക് പുതിയ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് സത്യ സായി പ്രശാന്തി നിലയം സ്റ്റേഷനിലേക്കും തിരിച്ചും രണ്ടുവീതം സർവീസകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീ സത്യസായി ബാബയുടെ ശതാബ്ദി വാർഷികത്തോടനുബന്ധിച്ചാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സർവീസ് തീയതിയും ഷെഡ്യൂളും വിശദമായി അറിയാം
ട്രെയിൻ നമ്പർ 06093 തിരുവനന്തപുരം നോർത്ത് – സത്യ സായി പ്രശാന്തി നിലയം ബൈ വീക്കിലി സൂപ്പർഫാസ്റ്റ് സ്പെഷ്യൽ നവംബർ 19, 21 തീയതികളിൽ വൈകീട്ട് 06:05നാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. പിറ്റേന്ന് രാവിലെ 11:00 മണിയ്ക്ക് സത്യ സായി പി നിലയം സ്റ്റേഷനിൽ എത്തുകയും ചെയ്യും. ആകെ 20 സ്റ്റേപ്പുകളുള്ള ട്രെയിനിൻ്റെ 10 സ്റ്റോപ്പുകൾ കേരളത്തിലാണ്.
വൈകീട്ട് 06:05ന് തിരുവനന്തപുരം നോർത്തിൽ നിന്ന് യാത്ര ആരംഭിച്ചാൽ 06:30 വർക്കല ശിവഗിരി, 07:08 കൊല്ലം, 07:42 കായംകുളം, 08:01 ചെങ്ങന്നൂർ, 08:11 തിരുവല്ല, 08:37 കോട്ടയം 10:07 എറണാകുളം ടൗൺ, 10:30 ആലുവ, 11:38 തൃശൂർ, 12:50 പാലക്കാട് എന്നിവിടങ്ങളിലാണ് സ്പെഷ്യൽ ട്രെയിൻ നിർത്തുക. ഒരു എസി ടു ടയർ കോച്ച്, രണ്ട് എസി ത്രീ ടയർ കോച്ച്, എട്ട് സ്ലീപ്പർ ക്ലാസ് കോച്ച്, എട്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, രണ്ട് ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ച് എന്നിങ്ങനെയാണ് ട്രെയിനിലെ കോച്ചുകൾ.
മടക്കയാത്ര ട്രെയിൻ നമ്പർ 06094 സത്യ സായി പി നിലയം – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ നവംബർ 20, 22 തീയതികളിൽ രാത്രി 09:00 മണിയ്ക്ക് സത്യ സായി പി നിലയം സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിച്ച് പിറ്റേന്ന് ഉച്ച കഴിഞ്ഞ് 03:55നാണ് തിരുവനന്തപുരത്തെത്തുക. പാലക്കാട് രാവിലെ 08:35ന് എത്തുന്ന ട്രെയിൻ, തൃശൂർ 10:7, ആലുവ 11:43, എറണാകുളം ടൗൺ 12:05, കോട്ടയം 01:22, തിരുവല്ല 01:48, ചെങ്ങന്നൂർ 01:58, കായംകുളം 02:18, കൊല്ലം 02:57, വർക്കല ശിവഗിരി 03:18 സ്റ്റേഷനുകൾ പിന്നിട്ടാണ് തിരുവനന്തപുരം നോർത്തിലെത്തുക.
