അയോധ്യ ∙ രാമക്ഷേത്രത്തിലേക്കുള്ള ഭക്തരുടെയും കാണിക്കയുടെയും ഒഴുക്ക് തുടരുന്നു. ജനുവരി 22ന് പ്രാണപ്രതിഷ്ഠയ്ക്കുശേഷം ക്ഷേത്രം ഭക്തർക്കായി തുറന്നു കൊടുത്തതു മുതൽ ഇതുവരെ 25 ലക്ഷത്തോളം പേരാണു സന്ദർശിച്ചത്. 11 ദിവസത്തിനകം 11 കോടിയിലേറെ രൂപ സംഭാവനയായി ലഭിച്ചെന്നും രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിൽനിന്നു പണമായിമാത്രം 8 കോടിയോളം രൂപ ലഭിച്ചു. 3.5 കോടിയോളം രൂപ ഭക്തർ ഓൺലൈനിലൂടെ കാണിക്ക സമർപ്പിച്ചു. ദിവസവും രാം ലല്ല വിഗ്രഹത്തെ കണ്ടുതൊഴാൻ രണ്ടു ലക്ഷത്തിലേറെ ആളുകളാണ് എത്തുന്നതെന്നും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി പ്രകാശ് ഗുപ്ത പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്നു അയോധ്യയിലേക്കു പ്രത്യേക ട്രെയിനുകൾ ഉൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങളും യാത്രാ പാക്കേജുകളും സജീവമാണ്.
ക്ഷേത്രത്തിലെ ‘ദർശന പാതയിൽ’ നാലു വലിയ ഭണ്ഡാരങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയാണു ഭക്തർ പണം നിക്ഷേപിക്കേണ്ടത്. കാണിക്കപ്പണം എണ്ണാനായി 11 ബാങ്ക് ജീവനക്കാരുൾപ്പെടെ 14 പേരുടെ സംഘമുണ്ട്. പണം എണ്ണുന്നതുൾപ്പെടെ എല്ലാ കാര്യങ്ങളും സിസിടിവി നിരീക്ഷണത്തിലാണെന്നും പ്രകാശ് വ്യക്തമാക്കി. കാശിയിലെ പുരോഹിതൻ ലക്ഷ്മീകാന്ത് ദീക്ഷിതിന്റെ മുഖ്യകാർമികത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യയജമാനനായ ചടങ്ങിലായിരുന്നു രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ.