രാമക്ഷേത്ര സുരക്ഷാ സേനാംഗം തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു

news image
Jun 19, 2024, 4:12 pm GMT+0000 payyolionline.in

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പാരാമിലിട്ടറി സൈനികൻ സ്വന്തം തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. രാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ സുരക്ഷാ ചുമതലയുള്ള പ്രത്യേക സുരക്ഷ സേനയിലെ (എസ്.എസ്.എഫ്) സൈനികൻ ശത്രുഘ്നൻ വിശ്വകർമയാണ് (25) മരിച്ചത്.

അംബേദ്കർ നഗർ സ്വദേശിയായ ശത്രുഘ്‌നന്‍റെ നെറ്റിയിലാണ് വെടിയേറ്റത്. സർവിസ് തോക്ക് തെറ്റായി കൈകാര്യം ചെയ്തതിനെ തുടർന്നാണ് അപകടമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്ച പുലർച്ചെ 5.30നാണ് സംഭവം. വെടിയൊച്ച കേട്ട് മറ്റു സുരക്ഷ സേനാംഗങ്ങൾ ഓടിയെത്തുമ്പോൾ ശത്രുഘ്നൻ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അടുത്തിടെ രാമക്ഷേത്ര സമുച്ചയത്തിൽ നടക്കുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. മാർച്ചിൽ ഒരു പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി (പി.എ.സി) കമാൻഡോക്ക് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് പരിക്കേറ്റിരുന്നു. കൂടാതെ, 2012ലും സമാന രീതിയിൽ മരണം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് കേസിൽ കിടന്നിരുന്ന അയോധ്യാ പ്രദേശത്ത് സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന സി.ആർ.പി.എഫ് ജവാൻ എൻ. രാജ്‌ഗോപാലനാണ് മരിച്ചത്. കൈയിലുണ്ടായിരുന്ന എകെ 47 റൈഫിളിൽനിന്നാണ് അബദ്ധത്തിൽ വെടിയേറ്റത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe