രാമനാട്ടുകര∙ അനധികൃത വിൽപനയ്ക്ക് സൂക്ഷിച്ച 28 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ഒരാൾ പൊലീസ് പിടിയിൽ. ഫാറൂഖ് കോളജ് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഫറോക്ക് ചുങ്കം കാരട്ടിപ്പാടം വീരമണി(43) ആണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഫറോക്ക് എസിപി ക്രൈം സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാമനാട്ടുകര തോട്ടുങ്ങൽ ബവ്റിജസ് ഔട്ലെറ്റിനു സമീപത്താണ് ഇയാൾ പിടിയിലായത്.
ബവ്റിജസ് ഔട്ലെറ്റ് പരിസരത്ത് വ്യാപകതോതിൽ അനധികൃത മദ്യവിൽപന ഉണ്ടെന്നു റസിഡന്റ്സ് അസോസിയേഷൻ മുഖേന ക്രൈം സ്ക്വാഡിനു പരാതി ലഭിച്ചിരുന്നു. തുടർന്നു നടത്തിയ നീക്കത്തിലാണ് ഡ്രൈഡേ അവധി ദിവസമായ ബവ്റിജസ് ശാലയ്ക്കു സമീപം ഇന്നലെ മദ്യവുമായി ഇയാൾ അറസ്റ്റിലായത്. ഫറോക്ക് എസ്ഐ പി.സജിനി, എസിപി ക്രൈം സ്ക്വാഡ് എസ്ഐ പി.സി.സുജിത്ത്, എഎസ്ഐ അരുൺകുമാർ മാത്തറ, സീനിയർ സിപിഒമാരായ ഐ.ടി.വിനോദ്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു, ഫറോക്ക് സ്റ്റേഷൻ സീനിയർ സിപിഒമാരായ എം.പ്രജിത്ത്, പി.ദിലീപ്, സിപിഒ എം.നിധിൻരാജ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.