കൊച്ചി: ചലച്ചിത്ര പ്രവർത്തകർ തുടർച്ചയായി പാർട്ടി വിട്ട് പോകുന്നതിൽ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ബി ജെ പിയിൽ നിന്ന് രാമസിംഹൻ അബൂബക്കറും രാജസേനനും ഭീമൻ രഘുവും വിട്ടുപോയത് നിർഭാഗ്യകരമെന്നാണ് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടത്. എല്ലാവർക്കും അർഹമായ സ്ഥാനം പാർട്ടിയിൽ നൽകിയിരുന്നെന്നും മേയർ പദവി പോലുള്ളവ നൽകാൻ പറ്റിയ പരിതസ്ഥിതി കേരളത്തിലെ പാർട്ടിയിലില്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.
മഹാരാജാസ് കോളേജ് വിഷയത്തിൽ തിരുവനന്തപുരത്ത് പ്രതിഷേധം നടത്തിയ എ ബി വി പി പ്രവർത്തകർക്ക് നേരെ നടന്ന പൊലീസ് നടപടിയെയും സുരേന്ദ്രൻ വിമർശിച്ചു. വിദ്യയെ സി പി എം നേതാക്കളാണ് സംരക്ഷിക്കുന്നതെന്നും വിദ്യയെ അറസ്റ്റ് ചെയ്യണമെങ്കിൽ എ കെ ജി സെന്‍ററിൽ പരിശോധന നടത്തിയാൽ മതിയെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
അതേസമയം ഇന്ന് രാവിലെയാണ് സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബി ജെ പി വിടുന്നതായി അറിയിച്ചത്. സ്വതന്ത്ര അഭിപ്രായങ്ങൾക്ക് ബി ജെ പിയിൽ സ്ഥാനം ഇല്ലാത്തതിനാലാണ് രാജിയെന്ന് രാമസിംഹൻ വ്യക്തമാക്കുകയും ചെയ്തു. കലാകാരൻ എന്ന നിലയിൽ പലപ്പോഴും സ്വന്തം അഭിപ്രായം തുറന്നു പറയേണ്ടിവരും. ബി ജെ പിയിലെത്തിയ ശേഷം ഇത് പലപ്പോഴും പറ്റുന്നില്ലെന്നും രാമസിംഹൻ അഭിപ്രായപ്പെട്ടിരുന്നു. ഇനി ഒരു രാഷ്ട്രീയപ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കാനില്ലെന്നും ഹിന്ദു ധർമ്മത്തോടൊപ്പം നിൽക്കുമെന്നും രാമസിംഹൻ വിശദീകരിച്ചിരുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന് ഇമെയില്‍ വഴിയാണ് രാജിക്കത്ത് കൈമാറിയതെന്നും രാമസിംഹന്‍ അറിയിച്ചു. താന്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല, തികച്ചും സ്വതന്ത്രനാണ്. എല്ലാത്തില്‍ നിന്നും മോചിതനായെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തല മൊട്ടയടിച്ച ചിത്രത്തിനൊപ്പമാണ് ബി ജെ പി ബന്ധം ഉപേക്ഷിച്ച വിവരം രാമസിംഹന്‍ അറിയിച്ചത്.