രാമേശ്വരം കഫേ സ്ഫോടനം: കോയമ്പത്തൂരിൽ ഡോക്ടർമാരുടെ വീടുകളിൽ എൻഐഎ റെയ്ഡ്

news image
May 21, 2024, 8:49 am GMT+0000 payyolionline.in

ബെംഗളൂരു: രാമേശ്വരം കഫെ സ്ഫോടനക്കേസിൽ തമിഴ്നാട് കോയമ്പത്തൂരിൽ എൻഐഎ റെയ്ഡ്. രണ്ട് ഡോക്ടർമാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരിൽ പ്രാക്ടീസ് ചെയ്യുന്ന ജാഫർ ഇക്ബാൽ, നയിൻ സാദിഖ് എന്നിവരുടെ സായ്ബാബ റോഡിലെ വീടുകളിലാണ് പരിശോധന. ആന്ധ്രാപ്രദേശിലെ പരിശോധനയിൽ ഒരാൾ കസ്റ്റഡിയിലായി. അനന്ത്പുർ ജില്ലയിൽ നിന്ന് റായ്ദുർഗ സ്വദേശി സുഹൈലിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് മൊബൈൽ ഫോണും ഹാർഡ് ഡിസ്കും എൻഐഎ പിടിച്ചെടുത്തു. 

സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. ബെംഗളുരുവിൽ കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത തീവ്രവാദ ഗൂഢാലോചനക്കേസിലും റെയ്ഡ് നടക്കുന്നുണ്ട്. 2023- ജൂലൈയിൽ ബെംഗളുരുവിൽ അടക്കം വിവിധ ഇടങ്ങളിൽ തീവ്രവാദ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതിന് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് 2023 ഒക്ടോബറിൽ എൻഐഎ ഏറ്റെടുത്തു. ജയിലിൽ വച്ച് വിവിധ പെറ്റിക്കേസുകളിൽ പ്രതികളായി എത്തിയവരെ തീവ്രവാദപ്രവർത്തനത്തിലേക്ക് പ്രേരിപ്പിച്ച കേസിന് ഇതുമായി ബന്ധമുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.

2008-ലെ ബെംഗളുരു സ്ഫോടന പരമ്പരയിൽ അറസ്റ്റിലായ തടിയന്‍റവിട നസീറിനെ ഈ കേസിൽ പ്രതിയാക്കിയിരുന്നു. പിന്നീട് രാമേശ്വരം കഫേ സ്ഫോടനത്തിന് പിന്നിലും ഈ തീവ്രവാദസംഘത്തിന് പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തി. ഈ മൂന്ന് കേസുകളിലും സംയുക്തമായാണ് എൻഐഎ ഇപ്പോൾ അന്വേഷണം നടത്തുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe