തിരുവനന്തപുരം: 23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹർജിയിൽ പ്രോസിക്യൂഷന്റെ നിലപാട് തേടിയ കോടതി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടഞ്ഞില്ല. ഹർജിയിൽ വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. എഫ്ഐആർ നിലനിൽക്കില്ലെന്നും പരാതിക്കാരി ഇല്ലാത്ത എഫ്ഐആർ ആണെന്നും രാഹുൽ വാദിച്ചു. കെപിസിസി പ്രസിഡൻ്റിന് ലഭിച്ചത് ഇ മെയിൽ സന്ദേശം മാത്രമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കണ്ടിട്ടുള്ള ഒരു കേസാണിതെന്നും രാഹുൽ മാങ്കൂട്ടത്തിൽ വാദിച്ചു. ഇത് 2023 ലെ പരാതി ആണെന്നും കെപിസിസി പ്രസിഡൻ്റിന് പരാതി കിട്ടിയത് കൊണ്ടല്ലേ രാഷ്ട്രീയമായതെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിൽ വാദം പൂർത്തിയാവുന്നത് വരെ തൻ്റെ അറസ്റ്റ് തടയണമെന്ന രാഹുലിൻ്റെ ഇടക്കാല ആവശ്യം കോടതി അംഗീകരിച്ചില്ല. ഇത് രാഷ്ട്രീയപ്രേരിത കേസാണോ എന്ന് കോടതി ചോദിച്ചു. കെപിസിസി പ്രസിഡൻ്റിന് പരാതിയിൽ കഴമ്പുണ്ടെന്ന് തോന്നിയത് കൊണ്ടാകാം പൊലീസിന് ഫോർവേഡ് ചെയ്തതെന്നും അറസ്റ്റ് തടയാൻ ഈ കോടതിക്ക് അധികാരമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. 2023ലെ പരാതി അല്ലേയെന്ന് ചോദിച്ച കോടതി ആ സാഹചര്യത്തിൽ അറസ്റ്റ് തടയുന്നതിന് കോടതിക്ക് അധികാരമുണ്ടെന്നും എന്നാൽ പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് ഇപ്പോൾ അറസ്റ്റ് തടയുന്നില്ലെന്നും വ്യക്തമാക്കുകയായിരുന്നു.
23കാരിയായ പെണ്‍കുട്ടിയാണ് രാഹുലിനെതിരെ ബലാത്സംഗ പരാതി നൽകിയത്. കെപിസിസിക്ക് ഇ-മെയിൽ വഴിയാണ് പരാതി നൽകിയത്. പരാതി കെപിസിസി പൊലീസിന് കൈമാറുകയായിരുന്നു. ഈ കേസിലാണ് മുൻകൂർ ജാമ്യത്തിനായി രാഹുൽ കോടതിയിലെത്തിയത്. നേരത്തെ, നിയമപരമായി മുന്നോട്ട് പോവാൻ പെണ്‍കുട്ടിക്ക് താൽപ്പര്യമില്ലായിരുന്നു. എന്നാൽ ആദ്യത്തെ പരാതി പുറത്തുവന്നതോടെയാണ് പെണ്‍കുട്ടി നിയമപരമായി നേരിടാൻ തയ്യാറായത്.
