മലപ്പുറം: ഒരാഴ്ച നീളുന്ന ആയുര്‍വ്വേദ ചികിത്സയ്ക്കായി രാഹുൽ ഗാന്ധി കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിലേക്ക്. മാനേജിംഗ് ട്രസ്റ്റി മാധവൻ കുട്ടി വാര്യരുടെ മേൽനോട്ടത്തിലാകും രാഹുലിന് ചികിത്സ നൽകുക. രാഹുൽ ഇന്ന് വൈകുന്നേരം കോട്ടയ്ക്കലിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം, ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ വ്യക്തത വരാത്തതിനാൽ എപ്പോഴാണ് രാഹുൽ തിരിക്കുക എന്നതിലും അവ്യക്തതയുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാവും അദ്ദേഹം കോട്ടയ്ക്കലിലെത്തുക. കൊച്ചിയിലെത്തിയ രാഹുൽ ഉച്ചയോടെ കോട്ടയത്തേക്ക് തിരിക്കും. നിലവിൽ കൊച്ചിയിൽ തുടരുകയാണ് രാഹുൽ
നേരത്തെ, ബാംഗളൂരുവിൽ രാഹുലും സോണിയയും ഉമ്മൻചാണ്ടിയുടെ മൃതദേഹം കാണാനെത്തിയിരുന്നു. മല്ലികാർജ്ജുൻ ഖാർഗെയും കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യും ഒപ്പമുണ്ടായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെത്തിച്ച മൃതദേഹം വിലാപ യാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അതേസമയം, ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചു. കോട്ടയം നഗരിയിൽ തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്കു കാണാൻ പതിനായിരക്കണക്കിനാളുകളാണ് കാത്തുനിൽക്കുന്നത്.
ഇന്നലെ രാവിലെ 7 മണിമുതൽ തുടങ്ങിയ വിലാപ യാത്ര ഇന്ന് രാവിലെ പത്തുമണിയോടെയാണ് കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചത്. തിരുനക്കര മൈതാനിയിൽ അന്തിമോപചാരം അർപ്പിക്കാൻ ജനസാഗരം കാത്തുനിൽക്കുകയാണ്. സിനിമാ താരങ്ങളായ മമ്മുട്ടി,സുരേഷ് ഗോപി എംപി, ദിലീപ്, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, സിനിമാ നിർമ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയ പ്രമുഖരും തിരുനക്കര മൈതാനിയിൽ എത്തിയിട്ടുണ്ട്.