രാഹുൽ ഗാന്ധിക്ക് നേരെ വീണ്ടും പ്രതിഷേധം; സംഭവം വഴിയോര ഭക്ഷണശാല സന്ദർശിക്കവെ

news image
Jan 22, 2024, 5:44 am GMT+0000 payyolionline.in

നാഗോൺ: ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അസമിലെ വഴിയോര ഭക്ഷണശാല സന്ദർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ പ്രതിഷേധം. ഇന്നലെ വൈകിട്ട് നാഗോൺ ജില്ലയിലാണ് സംഭവം. പ്ലക്കാർഡ് ഉയർത്തി ഒരു സംഘമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ന്യായ് യാത്രയുടെ പര്യടനത്തിന് ശേഷം വിശ്രമ സ്ഥലമായ രുപോഹിയിലേക്ക് വാഹനത്തിൽ പോകും വഴിയാണ് രാഹുലും സംഘവും അംബഗനിലെ വഴിയോര ഭക്ഷണശാലയിൽ ഇറങ്ങിയത്. ഇതിന് പിന്നാലെ പ്ലാക്കാർഡ് ഉയർത്തി മുദ്രാവാക്യം വിളികളുമായി സംഘമെത്തി.

അന്യായ് യാത്ര, രാഹുൽ ഗാന്ധി ഗോ ബാക്ക്, റാഖിബുൽ ഗോ ബാക്ക് എന്നീ വാക്കുകളാണ് പ്ലക്കാർഡിൽ എഴുതിയിരുന്നത്. ഇതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ രാഹുലിനെയും സംഘത്തെയും പ്രത്യേക വാഹനത്തിൽ സ്ഥലത്ത് നിന്ന് നീക്കി.

അസമിൽ ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ വ്യാപക ആക്രമണമാണ് ബി.ജെ.പി പ്രവർത്തകർ അഴിച്ചുവിടുന്നത്. ഇന്നലെ സോനിത്പുരിൽ ഭാരത് ജോഡോ ന്യായ് യാത്ര അസമിലൂടെ കടന്നു പോകുന്നതിനിടെയാണ്​ കാവിക്കൊടികളും മോദി അനുകൂല മുദ്രാവാക്യങ്ങളുമായി ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയത്. യാ​ത്രയെ അലങ്കോലപ്പെടുത്തുന്ന രീതിയിലായിരുന്നു ബി.ജെ.പിക്കാരുടെ ഇടപെടൽ.

25ഓളം ​പേർ വടിയുമായി ബസിനരികിലേക്ക് ഓടിയെത്തി. പ്രതിഷേധം നടക്കുന്നതിനിടെ അവർക്കിടയിലേക്ക് രാഹുൽ ഗാന്ധി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ പ്രശ്നത്തിൽ ഇടപ്പെട്ട രാഹുലിന്റെ സുരക്ഷാ ജീവനക്കാർ അദ്ദേഹത്തെ തിരികെ നിർബന്ധപൂർവം ബസിലേക്ക് കയറ്റിവിട്ടു.

അതേസമയം, അസമിലെ ഭാരത് ജോഡോ ന്യായ് യാത്രയുടെ പര്യടനം തുടരുകയാണ്. ജനുവരി 25 വരെയാണ് രാഹുലും സംഘവും അസമിൽ പര്യടനം തുടരുക. 17 ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര അസമിൽ 833 കിലോമീറ്റർ സഞ്ചരിക്കും. അസം പര്യടനം പൂർത്തിയാക്കുന്ന ന്യായ് യാത്ര തുടർന്ന് മേഘാലയയിലേക്ക് കടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe