ബംഗളൂരു: ചിന്നസ്വാമിസ്റ്റേഡിയത്തിന് സമീപമുള്ള കണ്ണിങ്ഹാം റോഡിൽ കാറും ഓട്ടോയും തമ്മിൽ ചെറുതായൊന്ന് കൂട്ടിമുട്ടി. ബംഗളൂരു നഗരത്തിൽ ദിനംപ്രതി നടക്കുന്ന നൂറുകണക്കിന് അപകടങ്ങളിൽ ഒന്നുമാത്രം. എന്നാൽ, അപകടത്തിന്റെ വ്യാപ്തിയല്ല, അപകടത്തിൽ പെട്ട കാറിൽ നിന്ന് ഇറങ്ങി വന്ന് തർക്കിച്ചയാളെ കണ്ടാണ് എല്ലാവരും ഞെട്ടിയത്.
ഇന്ത്യൻ ക്രിക്കറ്റിലെ മിസ്റ്റർ കൂൾ സാക്ഷാൽ രാഹുൽ ദ്രാവിഡായിരുന്നു നഗരമധ്യത്തിൽ ഓട്ടോക്കാരനോട് തർക്കിച്ചത്. താരത്തെ കണ്ട അവേശത്തിൽ വഴിയാത്രക്കാരിൽ ഒരാൾ ചിത്രീകരിച്ച വിഡിയോയാണ് ഇപ്പോൾ വൈറലായത്.
ദൃശ്യങ്ങളിൽ ഒാഡിയോ അത്ര വ്യക്തതയില്ലെങ്കിലും അപകടത്തിൽ തന്റെ ഭാഗം വിശദീകരിക്കാൻ ദ്രാവിഡ് ശ്രമിക്കുന്നതായി കാണാം. ശേഷം ദ്രാവിഡ് ഓട്ടോ ഡ്രൈവറുടെ നമ്പർ വാങ്ങി സ്ഥലം വിട്ടു.
കാർ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്നതിനിടെ ഓട്ടോ ഡ്രൈവർ പിന്നിൽ നിന്ന് ഇടിച്ചുകയറിയതായാണ് റിപ്പോർട്ട്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ‘നന്നായി കാറോടിച്ചുകൊണ്ടിരിക്കുമ്പോൾ ഓട്ടോയിടിക്കുന്നത് എന്തൊരു കഷ്ടമാണ്’ തുടങ്ങിയ ദ്രാവിഡിന്റെ പരസ്യചിത്രങ്ങൾക്ക് സമാനമായ കമന്റുകളിട്ടാണ് നെറ്റിസൻസ് ആഘോഷമാക്കുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസണിന്റെ മുന്നോടിയായാണ് താരം നാട്ടിലെത്തിയത്. രാജസ്ഥാൻ റോയൽസ് മെന്ററാണ് ദ്രാവിഡ്.