പാലക്കാട്: ഇ.പി. ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നിൽ യു.ഡി.എഫ് ആണെന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി. സരിൻ. രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ ഇ.പി. ജയരാജന്റെ ആത്മകഥ, ഷാഫി പറമ്പിലിന്റെ തിരക്കഥയിൽ വി.ഡി. സതീശൻ നടപ്പിലാക്കിയ പോലെയാണ് തോന്നുന്നതെന്ന് സരിൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരമൊരു വിവാദം പുറത്തുവരുമ്പോൾ അതിന് പിന്നിൽ യു.ഡി.എഫ് ആണെന്നാണ് തോന്നുന്നത്. എന്നിട്ടും വയനാട്ടിൽ 10 ശതമാനം പോളിങ് കുറഞ്ഞു. രാഹുൽ ഗാന്ധി ജയിച്ചതിൽ നിന്നും ഭൂരിപക്ഷം ഒരു ലക്ഷം കുറച്ചോളാനാണ് ജനം പറഞ്ഞിരിക്കുന്നത്. പാലക്കാട് ഇത്തവണ പോളിങ് ശതമാനം കൂടും. ജനാധിപത്യ വിരുദ്ധ പ്രസ്ഥാനമാണ് കോൺഗ്രസെന്ന് 23ന് പാലക്കാട്ടെയും ചേലക്കരയിലെയും വയനാട്ടിലെയും വോട്ടെണ്ണുമ്പോൾ അവർക്ക് മനസ്സിലാക്കാം -സരിൻ പറഞ്ഞു.
വയനാട്ടിൽ കോൺഗ്രസ്സിന് ഇനി വോട്ടെണ്ണേണ്ട ആവശ്യമില്ല. കഴിഞ്ഞ തവണ കോൺഗ്രസ്സിന് വോട്ട് ചെയ്തവരിൽ ഒരു ലക്ഷം പേർ ഇത്തവണ വോട്ട് തന്നെ ചെയ്തില്ലെന്ന് വ്യക്തമായില്ലേ. ഇതൊക്കെയാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം.
വി.ഡി. സതീശനെതിരെ സരിൻ രൂക്ഷ വിമർശനം ഉന്നയിച്ചു. പറവൂരിനപ്പുറം കോൺഗ്രസ് രാഷ്ട്രീയം അറിയാത്ത ഒരാൾ, എറണാകുളത്തിനപ്പുറം സംഘടനാപ്രവർത്തനം അറിയാത്ത ഒരാൾ, പാലക്കാട് വന്ന് തെരഞ്ഞെടുപ്പ് രീതികൾ നിശ്ചയിക്കാൻ ശ്രമിച്ചാൽ അമ്പേ പരാജയപ്പെടും. മൈക്കിൽ വിളിച്ചുപറഞ്ഞതുകൊണ്ട് മാത്രം ജനം ഏറ്റെടുക്കില്ലെന്ന് എട്ടര വർഷമായിട്ടും യു.ഡി.എഫ് തിരിച്ചറിഞ്ഞില്ലെങ്കിൽ കഷ്ടം എന്നല്ലാതെ വേറെന്ത് പറയാനാണെന്നും സരിൻ ചോദിച്ചു.