രൂക്ഷമായ മഴക്കെടുതി, മരണസംഖ്യ ഉയർന്നു, ആന്ധ്രയിലും തെലങ്കാനയിലും ഗുരുതര സാഹചര്യം

news image
Sep 2, 2024, 5:42 pm GMT+0000 payyolionline.in

ഹൈദരാബാദ്: രൂക്ഷമായ മഴക്കെടുതിയിൽ വലഞ്ഞ് ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾ. മഴക്കെടുതിയിൽ പെട്ട് ആന്ധ്രാപ്രദേശിൽ 17 പേരും തെലങ്കാനയിൽ 10 പേരും മരിച്ചു. ഇരു സംസ്ഥാനങ്ങളിലെയും മിന്നൽപ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു.

ഇന്നും നാളെയും ആന്ധ്രയിലെയും തെലങ്കാനയിലും മിക്ക ജില്ലകളിലും യെല്ലോ അലർട്ടാണ്. ആന്ധ്രയിൽ വെള്ളം കയറിയ താഴ്ന്ന മേഖലകളിൽ നിന്ന് ഏതാണ്ട് 13,000 ത്തോളം പേരെ മാറ്റിപ്പാർപ്പിച്ചെന്നാണ് കണക്ക്. റെയിൽവേ ട്രാക്കുകളിലും റോഡുകളിലും വെള്ളം കയറിയതോടെ  കേരളത്തിലേക്ക് ഉൾപ്പടെയുള്ള 140 തീവണ്ടികൾ ഇന്നലെയും ഇന്നുമായി റദ്ദാക്കുകയോ വഴി തിരിച്ച് വിടുകയോ ചെയ്തു.

ഇതിനിടെ, തെലങ്കാനയിലെ മെഹബൂബാബാദിൽ കാർ ഒഴുക്കിൽപ്പെട്ട് യുവശാസ്ത്രജ്ഞയും അച്ഛനും മരിച്ചു. ഐകാർ (ICAR) ഈ വർഷത്തെ മികച്ച യുവശാസ്ത്രജ്ഞരിൽ ഒരാളായി തെരഞ്ഞെടുത്ത അശ്വിനി നുനാവത്, ഇവരുടെ അച്ഛൻ മോത്തിലാൽ നുനാവത് എന്നിവരാണ് മരിച്ചത്. തെലങ്കാന നാരായൺ പേട്ടിലെ എക്കമേടുവിൽ വീടിന്‍റെ ചുമരിടിഞ്ഞ് വീണ് കർഷകത്തൊഴിലാളിയായ ഹരിജന അഹനുമമ്മ, മകൾ അഞ്ജലുമ്മ എന്നിവരും മരിച്ചു.

ആന്ധ്രയിലെ പലേറിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ കുട്ടിയെ രക്ഷിച്ച് കരയിലെത്തിച്ച് തിരികെ അച്ഛനമ്മമാരെ എയർ ലിഫ്റ്റ് ചെയ്യാനെത്തിയപ്പോഴേക്ക് ആ വീടാകെ ഇടിഞ്ഞ് തകർന്ന് ഇരുവരും മരിച്ചത് മറ്റൊരു സങ്കടക്കാഴ്ചയായി. പലേർ സ്വദേശി യാക്കൂബും ഭാര്യയുമാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഫോണിൽ വിളിച്ച് എല്ലാ കേന്ദ്രസഹായവും ഉറപ്പ് നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe