കൊച്ചി: റാഗിംഗ് പരാതിയില്‍ എറണാകുളം കാലടി ശ്രീശങ്കര കോളേജിലെ നാല് വിദ്യാർത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്‍യു പ്രവർത്തകരായ നാല് വിദ്യര്‍ത്ഥികളെ അന്വേഷണ വിധേയമായി കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.മൂന്നാം വര്‍ഷ ബിരുദ വിദാര്‍ത്ഥികളായ വിഷ്ണു, ഡിജോൺ പി ജിബിൻ, ശരീഷ്, അനന്ത കൃഷ്ണൻ എന്നിവര്‍ക്കെതിരെയാണ് കാലടി പൊലീസ് കേസെടുത്തത്. കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് കേസ്.
കോളേജ് വരാന്തയില്‍ തടഞ്ഞ് വച്ച് കളിയാക്കിയെന്നും മാനസികമായി പ്രയാസപെടുത്തിയെന്നും കാണിച്ച് പെൺകുട്ടി കോളേജ് പ്രിൻസിപ്പളിനാണ് പരാതി നല്‍കിയത്. പ്രിൻസിപ്പള്‍ പരാതി ആന്‍റി റാഗിംഗ് സെല്ലിന് കൈമാറി.അന്വേഷണത്തിൽ പരാതി ശരിയാണെന്ന് കണ്ടതിനെ തുടര്‍ന്ന് ആൻറി റാഗിംഗ് സെൽ പെൺകുട്ടിയുടെ പരാതി കാലടി പൊലീസിന് കൈമാറുകയായിരുന്നു. ഈ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രതികളായ നാല് വിദ്യാര്‍ത്ഥികളേയും കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഏഴ് ദിവസത്തേക്കാണ് സസ്പെൻഷൻ. കോളേജിൽ അനധികൃതമായി പ്രവർത്തിക്കുന്ന ടോക്സിക്ക് എന്ന ഗ്രൂപ്പിലെ അംഗങ്ങളാണ് സസ്പെൻഡ് ചെയ്യപെട്ട നാല് വിദ്യാർത്ഥികളും.