റാഗിങ് തടയാന്‍ കര്‍ശന നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി; ഹൈക്കോടതിയില്‍ ഇന്ന് പരിഗണിക്കും

news image
Mar 26, 2025, 3:33 am GMT+0000 payyolionline.in

കൊച്ചി: സംസ്ഥാനത്ത് റാഗിംഗ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റാഗിംഗ് ചട്ട പരിഷ്കാരത്തിനായി കർമ്മ സമിതി രൂപീകരണത്തിനുള്ള കരട്, സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. കേരള ലീഗൽ സർവ്വീസസ് അതോറിറ്റിയാണ് ഹർജി നൽകിയിട്ടുള്ളത്.ഹർജിയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും , പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മരിച്ച സിദ്ധാർത്ഥന്റെ അമ്മ ഷീബയും നൽകിയ കക്ഷി ചേരൽ അപേക്ഷകൾ കോടതി അംഗീകരിച്ചിരുന്നില്ല. കർമ്മ സമിതി രൂപീകരണം ഉടൻ നടപ്പാക്കണമെന്ന് കഴിഞ്ഞയാഴ്ച്ച ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. അപേക്ഷകർക്ക് കർമ്മസമിതിയ്ക്ക് മുൻപിൽ വിവരങ്ങൾ ധരിപ്പിക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും റാഗിങ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേരള ലീഗൽ സർവീസസ് അതോറിറ്റി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. ഇത്തരം കേസുകളിൽ സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നില്ല എന്നായിരുന്നു ആക്ഷേപം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe