റാപ്പിഡോ ഭക്ഷ്യ വിതരണ രംഗത്തേക്ക് ; സൊമാറ്റോ-സ്വിഗ്ഗിയുടെ ആധിപത്യത്തെ തകർക്കാൻ നീക്കം

news image
Mar 12, 2025, 10:43 am GMT+0000 payyolionline.in

ഭക്ഷ്യ വിതരണ വിപണിയിൽ സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും ആധിപത്യത്തെ തകർക്കാനൊരുങ്ങി റൈഡ്-ഹെയ്‌ലിങ് ആപ്പ് റാപ്പിഡോ. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടനുസരിച്ച് മുൻനിര ഭക്ഷ്യ വിതരണ ഭീമന്മാർ ഈടാക്കുന്ന കമീഷൻ ഘടനകളെ തകർക്കുക എന്ന ലക്ഷ്യത്തോടെ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഭക്ഷ്യ വിതരണം ചേർക്കുന്നതിനായുള്ള ചർച്ചകൾ റാപ്പിഡോ നടത്തി വരുകയാണ്.

സൊമാറ്റോ, സ്വിഗ്ഗി എന്നിവയുമായി മത്സരിക്കാൻ കഴിയുന്ന ഒരു ബിസിനസ് മോഡൽ വികസിപ്പിക്കുന്നതിനായി മുതിർന്ന റാപ്പിഡോ എക്സിക്യൂട്ടീവുകൾ റസ്റ്റോറന്റ് ഉടമകളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും അവ പ്രാരംഭഘട്ടത്തിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ റാപ്പിഡോ ഇതിനകം തന്നെ വ്യക്തിഗത റസ്റ്റോറന്റുകൾക്ക് ഡെലിവറി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

2015 ൽ ബൈക്ക് ടാക്സി പ്ലാറ്റ്ഫോമായി പ്രവർത്തനമാരംഭിച്ച റാപ്പിഡോ ഇന്ത്യയിലെ മത്സരാധിഷ്ഠിത റൈഡ്-ഹെയ്‌ലിങ് മേഖലയിൽ രണ്ടാം സ്ഥാനത്താണ്. റൈഡ്-ഹെയ്‌ലിങ്ങിൽ നിന്ന് വാർഷിക മൊത്ത വ്യാപാര മൂല്യം (ജി.എം.വി) ഒരു ബില്യൺ ഡോളർ കടന്ന കമ്പനിയാണ് റാപ്പിഡോ. നൂറിലധികം നഗരങ്ങളിലായി പ്രവർത്തിക്കുന്ന കമ്പനി ഈ വർഷം ഇന്ത്യയിലുടനീളമുള്ള 500 നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്.

റസ്റ്റോറന്റുകളും അഗ്രഗേറ്റർമാരും തമ്മിൽ കമീഷനുമായി ബന്ധപ്പെട്ടും മറ്റും തർക്കങ്ങൾ നടക്കുകയും വളർച്ച മന്ദഗതിയിൽ പോവുകയും ചെയ്യുന്ന സമയത്താണ് റാപ്പിഡോ ഭക്ഷ്യ വിതരണ വിഭാഗത്തിലേക്കുള്ള പ്രവേശിക്കാനൊരുങ്ങുന്നതെന്നത് ശ്രദ്ധേയമാണ്. ഭക്ഷ്യ വിതരണ മേഖലയിലേക്കുള്ള റാപ്പിഡോയുടെ കടന്നുവരവിനെ തന്ത്രപരമായ നീക്കമായാണ് കാണേണ്ടത്. ഹൈപ്പർലോക്കൽ ഡെലിവറികൾക്കായി നിലവിലുള്ള ഇരുചക്ര വാഹനങ്ങളുടെ ശേഖരം പരമാവധി പ്രയോജനപ്പെടുത്താനും ദ്രുത വാണിജ്യത്തിനായുള്ള വർധിച്ചുവരുന്ന ആവശ്യം മുതലെടുക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe