വടകര : ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്.യു ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ വീടിന് നേരെ ബോംബേറ്. വടകര തിരുവള്ളൂരിലെ വീടിന് നേരെ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സ്ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവസമയത്ത് ബിതുൽ ബാലൻ റിമാൻഡിലായിരുന്നു.
അതേസമയം, കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ പ്രതിഷേധത്തിനിടെ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോർജിനെ ഡിസ്ചാർജ് ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി വൈകി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം പുലർച്ചെ നാല് മണിയോടെ റോഡ് മാർഗമാണ് മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചത്. മന്ത്രിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും രക്തസമ്മർദ്ദം സാധാരണ നിലയിലായെന്നും ഡോക്ടർമാർ അറിയിച്ചു.
മന്ത്രിയെ ആക്രമിച്ചെന്ന കേസിൽ അന്വേഷണ സംഘം ഇന്ന് വീണ്ടും മൊഴിയെടുക്കാൻ അനുമതി തേടും. ആരോഗ്യനില മോശമായതിനെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ മൊഴിയെടുക്കാൻ സാധിച്ചിരുന്നില്ല. ഇതിനിടെ, റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾക്കായി അന്വേഷണ സംഘം ആർ.പി.എഫിന് അപേക്ഷ നൽകി. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിലില്ലെന്ന് ആർ.പി.എഫ് നേരത്തെ പ്രാഥമികമായി വ്യക്തമാക്കിയിരുന്നു.
