റിയാദ്: മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശൂർ സ്വദേശി മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു. പേരിങ്ങോട്ട്കര സ്വദേശി കാരിപ്പംകുളം അഷ്റഫ് ഇസ്മായിൽ (43) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് നാലിലുള്ള പാർക്കിൽ വെച്ച് ചൊവാഴ്ച രാത്രിയായിരുന്നു സംഭവം.
പാർക്കിലിരിക്കുമ്പോൾ ഇദ്ദേഹത്തിന് അരികിലെത്തിയ മോഷ്ടാക്കളുടെ ആക്രമത്തെ ചെറുക്കുന്നതിനിടെയാണ് കുത്തേറ്റത്. ഉടൻ ഇദ്ദേഹത്തെ സൗദി ജർമൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരിക്കുകയായിരുന്നു. നേരത്തെ മൂന്ന് വർഷത്തോളം സൗദിയിലുണ്ടായിരുന്ന ഇദ്ദേഹം ജോലി ഒഴിവാക്കി നാട്ടിൽ പോയിരുന്നു. ശേഷം ഒരു വർഷം മുമ്പാണ് പുതിയ വിസയിലെത്തിയത്.
സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഐ.സി.എഫ് റിയാദ് ഉമ്മുൽ ഹമാം സെക്ടർ അംഗമാണ്. പിതാവ്: ഇസ്മയിൽ. മാതാവ്: സുഹറ, ഭാര്യ: ഷഹാന. സഹോദരങ്ങൾ: ഷനാബ് (ദുബായ്), ശബാന. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കുന്നതിന് ഐ.സി.എഫ് സെൻട്രൽ കമ്മിറ്റി വെൽഫെയർ സമിതി ഭാരവാഹികളായ ഇബ്രാഹിം കരീം, റസാഖ് വയൽക്കര എന്നിവരുടെ നേതൃത്വത്തിൽ ഐ.സി.എഫ് പ്രവർത്തകർ രംഗത്തുണ്ട്.
നടപടികൾ പൂർത്തിയാക്കി മൃതദേഹം റിയാദിൽ ഖബറടക്കുമെന്ന് ദമാമിലുള്ള ഇദ്ദേഹത്തിന്റെ സഹോദരി ഭർത്താവ് അബ്ദുൽ റസാഖ് അറിയിച്ചു.