കൊച്ചി: റൂട്ട് പെർമിറ്റിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ എറണാകുളം ആർ.ടി.ഒ ഉൾപ്പെടെ മൂന്നുപേരെ വിജിലൻസ് കസ്റ്റഡിയിലെടുത്തു. എറണാകുളം ആർ.ടി.ഒ ടി.എം. ജെർസൺ, ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യബസുടമയോട് ഏജന്റ് മുഖേന കൈക്കൂലി ആവശ്യപ്പെെട്ടന്നാണ് പരാതി.
എറണാകുളം ചെല്ലാനം-ഫോർട്ട് കൊച്ചി റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിന്റെ റൂട്ട് പെർമിറ്റ് ഫെബ്രുവരി മൂന്നിന് അവസാനിച്ചിരുന്നു. പെർമിറ്റ് ബസുടമയുടെ പേരിലുള്ള മറ്റൊരു ബസിന് അനുവദിച്ചുനൽകുന്നതിന് എറണാകുളം റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് ആർ.ടി.ഒ ജെർസൺ ഒരാഴ്ചത്തേക്ക് താൽക്കാലിക പെർമിറ്റ് അനുവദിക്കുകയും അതിനുശേഷം പല കാരണങ്ങൾ പറഞ്ഞ് മനഃപൂർവം പെർമിറ്റ് അനുവദിക്കുന്നത് വൈകിപ്പിക്കുകയുമായിരുന്നു.
പിന്നീട്, ആർ.ടി.ഒയുടെ നിർദേശപ്രകാരം ഏജന്റായ രാമപടിയാർ പരാതിക്കാരനെ നേരിൽ കണ്ട് പെർമിറ്റ് അനുവദിക്കുന്നതിന് മറ്റൊരു ഏജന്റായ സജിയുടെ പക്കൽ 5000 രൂപ കൈക്കൂലി നൽകണമെന്ന് ആർ.ടി.ഒ ജെർസൺ പറഞ്ഞതായി അറിയിച്ചു. പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അന്വേഷണത്തിന് എത്തുകയുമായിരുന്നു.
ബുധനാഴ്ച ഉച്ചക്ക് ഒരുമണിക്ക് ആർ.ടി ഓഫിസിന് മുന്നിൽവെച്ച് പരാതിക്കാരനിൽനിന്ന് 5000 രൂപയും ഒരു കുപ്പി വിദേശ മദ്യവും കൈക്കൂലിയായി വാങ്ങുന്നതിനിടെ ഏജന്റുമാരായ സജിയെയും രാമപടിയാരെയും വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. ഇവരുടെ കുറ്റസമ്മത മൊഴിയുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ ആർ.ടി.ഒയെയും അറസ്റ്റ് ചെയ്തു.
ആർ.ടി.ഒയുടെ ഇടപ്പള്ളിയിലെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി. വീട്ടിൽനിന്ന് 50ലധികം വിലകൂടിയ വിദേശ മദ്യക്കുപ്പികളും 60,000 രൂപയും കണ്ടെത്തിയെന്ന് വിജിലൻസ് എസ്.പി ശശിധരൻ പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.