കൽപറ്റ: വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. എടക്കൽ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തൻപാറ, പൂക്കോട്, കർളാട് കേന്ദ്രങ്ങളിലെ ബോട്ടിങ് നിർത്തിവെച്ചു.
പാർക്കുകൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കർശനമായി നിരോധിച്ചതായി ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി അറിയിച്ചു.
സുരക്ഷിതമല്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം
ഗ്രാമപഞ്ചായത്ത് പരിധികളിൽ സുരക്ഷിതമല്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത്തരം കേന്ദ്രങ്ങൾക്കെതിരെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ല കലക്ടർ ഡി.ആർ മേഘശ്രീ. മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ല കലക്ടർ.
സുരക്ഷിതമായ രീതിയിൽ പ്രവർത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങൾക്കും എല്ലാവിധ പിന്തുണയും നൽകണം. എന്നാൽ സുരക്ഷിതമല്ലാത്തവക്കെതിരെ നടപടി കൈക്കൊള്ളണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതി-വാർഡ് സഭ യോഗങ്ങൾ അടിയന്തരമായി ചേരാനും കലക്ടർ നിർദേശിച്ചു. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റാൻ ട്രീ കമ്മിറ്റികൾ ചേരണം. ഭീഷണിയായ വൈദ്യുതി ലൈനുകൾ അടിയന്തമായി മാറ്റണം. അടിയന്തര സാഹചര്യങ്ങളിൽ ആളുകളെ മാറ്റി താമസിപ്പിക്കുന്നതിന് സ്ഥലങ്ങൾ കണ്ടെത്തി ക്രമീകരണങ്ങളും അടിസ്ഥാന സൗകരങ്ങളും ഉറപ്പാക്കണം.
ഗ്രാമപഞ്ചായത്ത് പരിധികളിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ച് മാറ്റണം. ജലജന്യ രോഗ വ്യാപനം തടയാൻ ക്ലീൻ ഡ്രൈവുകൾ സംഘടിപ്പിക്കണം. ടൗണുകളിലും റോഡരികിലും അപകടകരമാംവിധം സ്ഥാപിച്ച ബോർഡുകൾ, ഫ്ലക്സ് ബോർഡുകൾ എന്നിവ മാറ്റണം. കലക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ചേർന്ന യോഗത്തിൽ എ.ഡി.എം. കെ. ദേവകി, ജില്ലാതല ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.