ന്യൂഡല്‍ഹി: റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി പ്രൊഡക്ടിവിറ്റി-ലിങ്ക്ഡ് ബോണസ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസാകും നല്‍കുക. 10.9 ലക്ഷം റെയില്‍വേ ജീവനക്കാര്‍ ആനുകൂല്യം ലഭിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ സമിതി യോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്.
1886 കോടി രൂപയാണ് ബോണസ് നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. റെല്‍വേ ജീവനക്കാര്‍ക്ക് എല്ലാ വര്‍ഷവും ദുര്‍ഗ്ഗാപൂജ, ദസറ അവധിക്ക് മുമ്പായാണ് പ്രൊഡക്ടിവിറ്റി-ലിങ്ക്ഡ് ബോണസ് നല്‍കുന്നത്.
’78 ദിവസത്തെ വേതനത്തിന് തുല്യമായ പ്രൊഡക്ടിവിറ്റി-ലിങ്ക്ഡ് ബോണസിന് പ്രധാനമന്ത്രി അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ തീരുമാനം 10.9 ലക്ഷം ജീവനക്കാര്‍ക്ക് പ്രയോജനം ചെയ്യും’ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
റെയില്‍വേയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കാന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്നതിനുള്ള ഒരു പ്രോത്സാഹനമായാണ് ഈ ബോണസ് നല്‍കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കുന്നത്.
ട്രാക്ക് മെയിന്റയിനര്‍മാര്‍, ലോക്കോ പൈലറ്റുമാര്‍, ഗാര്‍ഡുകള്‍, സ്റ്റേഷന് മാസ്റ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ടെക്നീഷ്യന്മാര്, ടെക്നീഷ്യന് ഹെല്‍പ്പര്‍മാര്‍, പോയിന്റ്സ്മാന്, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, മറ്റ് ഗ്രൂപ്പ് ‘സി’ ജീവനക്കാര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്ക് ബോണസ് ലഭിക്കും.