പയ്യോളി : മൂന്ന് റെയിൽവേ ഗേറ്റുകൾ ഉള്ള പയ്യോളിയിൽ റെയിൽവേ മേൽ പാലത്തിനായുള്ള മുറവിളി ശക്തമാകുന്നു. 36 ഡിവിഷനുകളാണ് പയ്യോളി നഗരസഭയിൽ ഉള്ളത്. ഇതിൽ പകുതിയിലേറെ ഡിവിഷനുകളും റെയിൽവേ ട്രാക്കിന് പടിഞ്ഞാറ് ആണ്. അതുകൊണ്ടുതന്നെ ദൈനംദിന ആവശ്യങ്ങൾക്കായി ഇവർ റെയിൽവേ ഗേറ്റ് കടക്കേണ്ടത് ഒന്നിലേറെ തവണയാണ്.
72 ലേറെ ട്രെയിനുകൾ ഒരു ദിവസം കടന്നു പോകുന്നുണ്ട്. അതുകൊണ്ടുതന്നെ മൂന്ന് ട്രെയിനുകൾ കടന്നു പോകുന്നത് വരെ ഗേറ്റ് അടച്ചിടുന്നത് അനുഭവിക്കാൻ ഇപ്പോൾ ഇവർക്ക് ശീലമായി കഴിഞ്ഞു.
അഞ്ചുവർഷം മുൻപ് പയ്യോളി ടൗണിന്റെ വടക്കുവശത്തുള്ള രണ്ടാം ഗേറ്റിനും ഇരിങ്ങൽ ഓയിൽ മില്ലിൽ നിന്ന് കോട്ടക്കലിലേക്ക് പോകുന്ന റെയിൽവേ ഗേറ്റിനും ബദലായി മേൽപ്പാലം നിർമ്മിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനെ ഇത് സംബന്ധമായ ഡി പി ആർ തയ്യാറാക്കാനായി ചുമതലപ്പെടുത്തുകയും ചെയ്തു. പയ്യോളി ഗേറ്റ് സംബന്ധമായ ഡി പി ആർ തയ്യാറാക്കൽ 76 ശതമാനവും പൂർത്തിയായതായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആ കാലയളവിൽ കെ റെയിൽ സംബന്ധമായ ചർച്ചകൾ ആരംഭിച്ചതോടെ മേൽപ്പാല നിർമ്മാണം അനിശ്ചിതാവസ്ഥയിലായി. ഡിപിആർ പൂർണമായും തയ്യാറാക്കിയ ശേഷം സ്ഥലം ഏറ്റെടുത്ത് നൽകിയാൽ മാത്രമേ റെയിൽവേ മേൽപ്പാലത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കുകയുള്ളൂ.
അതുകൊണ്ടുതന്നെ ഈ ആധുനിക കാലത്ത് ഗേറ്റിൽ കുടുങ്ങി ജീവിതം ഹോമിക്കപ്പെടുന്നതിൽ നിന്ന് തങ്ങളുടെ വരും തലമുറയെങ്കിലും രക്ഷപ്പെടണം എന്ന ചിന്തയാണ് തീരദേശ മേഖലകളിൽ ഉള്ളവരുടേത്. റെയിൽവേ മേൽപ്പാലം വേണമെന്ന് ആവശ്യപ്പെട്ട് ബഹുജന കൺവെൻഷനും ചർച്ചയും നാളെ ബീച്ച് റോഡിലുള്ള ലയൺസ് ക്ലബ്ഹാളിൽ ഉച്ചയ്ക്ക് ശേഷം 3:00 മണിക്ക് നിശ്ചയിച്ചിട്ടുണ്ട്. രാജ്യസഭാ എംപി പിടി ഉഷയും സ്ഥലം എം പി ഷാഫി പറമ്പിലും എംഎൽഎ കാനത്തിൽ ജമീലയും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കുന്ന ഈ കൺവെൻഷനിൽ വലിയ ബഹുജന പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.