പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസിതിയിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങവേ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിൽ ഏഴ് പ്രതികൾക്ക് ജാമ്യം. ഹൈക്കോടതി ഇന്ന് പരിഗണിച്ച ജാമ്യാപേക്ഷകൾ നൽകിയ പ്രതികൾക്കെല്ലാം തന്നെ ജാമ്യം നൽകി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
ശ്രീജിത്ത്, അനിൽ കുമാർ, ഷെഫീക്ക്, നിഷാദ്, ജീവൻ, കിരൺ എന്നീ പ്രതികൾക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ പ്രതികൾ നടത്തിയത് ആസൂത്രിതമായ നീക്കമെന്നും ജാമ്യം നൽകരുതെന്നുമായിരുന്നു ഇ ഡി വാദിച്ചിരുന്നത്. കേസിൽ ഇ ഡി കക്ഷി ചേരുകയും ചെയ്തിരുന്നു. 11 പേരാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്. അതിൽ ഏഴ് പേരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ഇവർ ജയിലിൽ കിടക്കാൻ തുടങ്ങിയിട്ട് 67 ദിവസം പിന്നിട്ടെന്നും അന്വേഷണം പൂർത്തിയായെന്നും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് കഴിഞ്ഞെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചാണ് പ്രതികൾക്ക് കോടതി ജാമ്യം നൽകിയിരിക്കുന്നത്
മെയ് 27നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചത്. പ്രതികളുടെ ജാമ്യപേക്ഷ തിരുവനന്തപുരത്തെ കോടതികൾ തള്ളിയത്തോടെയാണ് ഹൈകോടതിയെ സമീപിച്ചത്. ഒൻപതാം പ്രതി ഹരീഷ് കുമാറിന് മാത്രമാണ് ഇതിന് മുമ്പ് ജാമ്യം ലഭിച്ചത്. ഇയാളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപീൽ ഹൈകോടതിയുടെ പരിഗണനയിലാണ്. സിപിഐഎം പ്രവർത്തകൻ നിതിൻ രാജാണ് കേസിലെ ഒന്നാം പ്രതി.
