തിരുവനന്തപുരം ∙ റേഷൻ കടകളിൽ സാധനങ്ങൾ എത്തിക്കുന്ന ട്രാൻസ്പോർട്ടിങ് കരാറുകാർ റേഷൻ കടക്കാരെ അവയുടെ തൂക്കം ബോധ്യപ്പെടുത്തി സാക്ഷ്യപത്രം വാങ്ങണമെന്നു സപ്ലൈകോ നിർദേശം നൽകി. റേഷൻ കട ലൈസൻസിയോ സെയിൽസ്മാനോ ആണ് സാക്ഷ്യപത്രത്തിൽ ഒപ്പിടേണ്ടത്. ഇതിന്റെ മാതൃകയും തയാറാക്കി നൽകി.
സാക്ഷ്യപത്രം അടങ്ങിയ ട്രക്ക് ചീട്ടുകൾ പരിശോധിച്ചു മാത്രമേ കരാറുകാർക്ക് ഡിപ്പോ മാനേജർമാർ ബിൽ തുകയുടെ ആദ്യ ഗഡു അനുവദിക്കാൻ പാടുള്ളു. ഇതിൽ വീഴ്ച വരുത്തുന്ന കരാറുകാരിൽനിന്നു പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നും സപ്ലൈകോ എംഡിയുടെ സർക്കുലറിൽ വ്യക്തമാക്കി.
കടകളിൽ എത്തിക്കുന്ന സാധനങ്ങളുടെ തൂക്കം കുറവാണെന്ന റേഷൻ വ്യാപാരികളുടെ പരാതി പരിഹരിക്കാനാണു പുതിയ നിർദേശം. ഗോഡൗണുകളിൽനിന്നു റേഷൻ കടകളിൽ സാധനങ്ങൾ എത്തിക്കുന്ന ‘വാതിൽപ്പടി വിതരണം’ എന്ന സംവിധാനത്തിനായി 2017 മുതൽ ട്രാൻസ്പോർട്ടിങ് കരാറുകാരെ ഏർപ്പെടുത്തുന്നതു സപ്ലൈകോയാണ്.
കരാറുകാർ വിതരണം ചെയ്യുന്ന സാധനങ്ങളുടെ അളവു രേഖപ്പെടുത്താൻ ട്രക്ക് ചീട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുവേ 50 കിലോയുടെ ചാക്കുകളായാണ് അരിയും മറ്റും വിതരണം ചെയ്യുന്നത്. എന്നാൽ, ഇതു തൂക്കി നൽകാൻ കരാറുകാർ തയാറാകാറില്ല.
ലഭിക്കുന്ന സാധനങ്ങളുടെ അളവു കുറവാണെന്ന് ആരോപിച്ചു റേഷൻ വ്യാപാരികൾ, കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുന്ന അരിയുടെയും ഗോതമ്പിന്റെയും അളവിലും നേരിയ കുറവു വരുത്താറുണ്ട്. റേഷൻ കടകളിലെ ത്രാസിനെ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) മെഷീനുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കെയാണു ഗോഡൗണുകളിൽനിന്നു കടകളിലേക്കുള്ള വിതരണത്തിലെ അളവും ഉറപ്പാക്കാനുള്ള നടപടികൾ.