തിരുവനന്തപുരം> സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ ബയോമെട്രിക്ക് മസ്റ്ററിങ് നടത്തുന്നത് മഞ്ഞകാർഡ് ഉടമകളുടേതായിരിക്കുമെന്ന് ഭക്ഷ്യവകുപ്പ്. മാർച്ച് 15 മുതൽ 17 വരെ സ്‌പെഷ്യൽ ഡ്രൈവ് ഉണ്ടാകും.കേന്ദ്രസർക്കാർ ആവശ്യപ്പെട്ടപ്രകാരമാണ് മസ്‌റ്ററിങ് നടത്തുന്നത്.ഇതുസംബന്ധിച്ച് ആശങ്കവേണ്ടെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.
കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ റേഷൻ ഇൻസ്‌പെക്ടർമാർ നേരിട്ട് എത്തി മസ്‌റ്ററിങ് പൂർത്തീകരിക്കും. മാർച്ച് 31 നകം മസ്‌റ്ററിങ് നടത്തണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. മഞ്ഞ, പിങ്ക് കാർഡുകാർക്കാണ് കേന്ദ്രം ഭക്ഷ്യധാന്യം അനുവദിക്കുന്നത്.
ഇരുവിഭാഗങ്ങളിലുമായി 41.5 ലക്ഷം കാർഡ് ഉടമകളാണ് കേരളത്തിലുളളത്. മസ്റ്ററിങ് നടത്താൻ റേഷൻകടകളിൽ എത്തുമ്പോൾ കാർഡ് ഉടമയും മറ്റ് അംഗങ്ങളും എത്തണം. റേഷൻ കാർഡും പോകണം. മസ്‌റ്ററിങ് സൗജന്യമാണ്. അതേസമയം സമയപരിധി നീട്ടുമെന്ന് സൂചനയുണ്ട്. മാർച്ച് ആദ്യം പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചാൽ അതുകഴിഞ്ഞാകും മസ്‌റ്ററിങ് പൂർത്തിയാക്കുക.