കോഴിക്കോട്: കൈക്കൂലി വാങ്ങിയതിന് താമരശ്ശേരി താലൂക്ക് സർവേയർ എം. നസീറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കൂടരഞ്ഞി സ്വദേശി അജ്മലിൽ നിന്ന് പണം വാങ്ങിയെന്നാണ് പരാതി. അജ്മൽ തൻറെ പിതാവിൻറെ സ്ഥലവും റോഡും സർവേ നടത്താൻ അപേക്ഷ നൽകിയിരുന്നു, ഈ സർവേ നടത്താനായി നസീർ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് വിജിലൻസിന് ലഭിച്ച പരാതി.
ആദ്യം 10,000 രൂപ ഗൂഗിൾ പേ വഴി വാങ്ങി സ്ഥലം മാത്രം സർവേ നടത്തി നൽകി. റോഡ് സർവേ നടത്താനായി 20,000 രൂപ കൂടി നസീർ ആവശ്യപ്പെട്ടു. ഇതിൽ 10,000 രൂപ പണമായി കൈപ്പറ്റിയ നസീർ സ്ഥലം മാറിപ്പോകുന്ന തഹസിൽദാർ സി. സുബൈറുല്ലയുടെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കാനെത്തി. അവിടെ വെച്ചാണ് വിജിലൻസ് സംഘം നസീറിനെ കസ്റ്റഡിയിലെടുത്തത്.