റോബോട്ട് ക്യാമറയിൽ ശരീരഭാഗങ്ങൾ പതിഞ്ഞെന്ന് സംശയം; സ്കൂബ ടീം ടണലിനടിയിലേക്ക്

news image
Jul 14, 2024, 7:27 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടില്‍ കാണാതായ ശുചീകരണ തൊഴിലാളി ജോയിയെ  കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക്. രക്ഷാദൗത്യം 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ നേരിയ പ്രതീക്ഷയായി ഡ്രാക്കോ റോബോട്ട് യന്ത്രത്തിന്‍റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. ടണലിന് അടിയിലൂടെ ഡ്രോക്കോ റോബോട്ടിക്ക് യന്ത്രം നടത്തിയ പരിശോധനയില്‍ പതിഞ്ഞ അവ്യക്തമായ ചിത്രം പരിശോധിക്കുന്നതിനായി സ്കൂബ ടീം ടണലിന് അടിയിലേക്ക് പോവുകയാണിപ്പോള്‍.

മനുഷ്യ ശരീരം ആയിരിക്കുമോയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. ക്യാമറിയില്‍ പതിഞ്ഞ ദൃശ്യം അവ്യക്തമായതിനാല്‍ തന്നെ എന്താണെന്ന് ഉറപ്പിക്കാനായിട്ടില്ല. സ്കൂബ ടീമിന് എത്തിച്ചേരാൻ കഴിയുന്ന സ്ഥലത്തേക്കാണ് നീങ്ങുന്നത്. കൂടുതല്‍ ടീം ടണലിലേക്ക് ഇറങ്ങിയിട്ടുണ്ട്. ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ജോയിയെ കണ്ടെത്താനാകുമോയെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍. റോബോട്ടിക്ക് ക്യാമറയും വെള്ളത്തിലിറക്കി പരിശോധിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ഇന്നലെ കാണാതായ ശുചീകരണ തൊഴിലാളിക്കായി രണ്ടാം ദിവസവും തെരച്ചില്‍ ഊർജിതമായി തുടരുകയാണ്. തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളിയായ ജോയിയെ കണ്ടെത്താനുള്ള തെരച്ചിൽ 25 മണിക്കൂർ പിന്നിട്ടു. എൻഡിആർഎഫിന്‍റെ നേതൃത്വത്തിൽ ആണ് തെരച്ചിൽ. ഫയര്‍ഫോഴ്സിന്‍റെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിലിനായിട്ടുണ്ട്. മാലിന്യം അടഞ്ഞുകൂടി കിടക്കുന്നതിനാൽ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നേരത്തെ നിര്‍ത്തിയിരുന്നു. ഏറ്റവുമൊടുവിലായി കാമറ ഘടിപ്പിച്ച ഡ്രാക്കോ റോബോട്ട് വെള്ളത്തിനടിയിൽ ഇറക്കി പരിശോധന നടത്തുകയാണ് രക്ഷാപ്രവർത്തകർ. ഈ പരിശോധനയിലാണ് അവ്യക്തമായ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്. തുടര്‍ന്ന് കൂടുതല്‍ സ്കൂബാ ടീം അംഗങ്ങള്‍ ടണലിലേക്ക് ഇറങ്ങി പരിശോധന ആരംഭിച്ചിരിക്കുകയാണിപ്പോള്‍.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe