ന്യൂഡൽഹി: റൺവേയില്ലാതെ നിന്നിടത്തുനിന്നു മുകളിലേക്കു പറന്നുയരുന്ന ‘വിറ്റോൾ’ (VTOL-വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് എയർക്രാഫ്റ്റ്) വിമാനങ്ങൾ വൈകാതെ രാജ്യത്തു യാഥാർഥ്യമാകും. വിറ്റോൾ വിമാനങ്ങളുടെ പൈലറ്റുമാരുടെ യോഗ്യതയും പരിശീലനവും സംബന്ധിച്ച വ്യവസ്ഥകൾ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) നിശ്ചയിച്ചു. കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്കേ ‘വിറ്റോൾ’ വിമാനങ്ങൾ പറത്താൻ കഴിയൂ. ഈ കുഞ്ഞൻ വിമാനങ്ങളുടെ സർട്ടിഫിക്കേഷൻ, ഇവയ്ക്കു പറന്നുയരാനും ലാൻഡ് ചെയ്യാനുമുള്ള ‘വെർട്ടിപ്പോർട്ടുകൾ’ (Vertiport) എന്നിവ സംബന്ധിച്ച മാർഗരേഖകൾ ഡിജിസിഎ മുൻപു പുറത്തിറക്കിയിരുന്നു.
ഡിജിസിഎ അംഗീകാരമുള്ള സ്ഥാപനങ്ങളിൽനിന്ന് പൈലറ്റുമാർ പരിശീലനം നേടിയിരിക്കണം. ഇതിനു പുറമേ തിയറി പരീക്ഷയുമുണ്ടാകും. ഇലക്ട്രിക് ചാർജിങ് വഴി പ്രവർത്തിക്കുന്ന ‘ഇ–വിറ്റോൾ’ (eVtol) വിമാനങ്ങൾ ഉപയോഗിച്ച് 2026 ൽ ഇന്ത്യയിൽ എയർ ടാക്സി നടപ്പാക്കാനായി ഇൻഡിഗോ എയർലൈൻസിന്റെ മാതൃകമ്പനിയായ ഇന്റർഗ്ലോബ് എന്റർപ്രൈസസ് ശ്രമം തുടങ്ങിയിട്ടുണ്ട്. യുഎസിലെ ആർചർ ഏവിയേഷനാണു വിമാനങ്ങൾ ലഭ്യമാക്കുക. ഡൽഹിക്കു പുറമേ മുംബൈയിലും ബെംഗളൂരുവിലും എയർ ടാക്സി ആരംഭിക്കാൻ ഇന്റർഗ്ലോബിന് പദ്ധതിയുണ്ട്.
ഇന്റർഗ്ലോബ് ‘മിഡ്നൈറ്റ്’ ഇ–വിറ്റോൾ
∙ ദൂരം: 160 കിലോമീറ്റർ വരെ ഒറ്റയടിക്കു പറക്കാം. ചെറുയാത്രകൾക്ക് അഭികാമ്യം. ∙ വേഗം: മണിക്കൂറിൽ 240 കിലോമീറ്റർ.
∙ യാത്രക്കാർ: പൈലറ്റിനു പുറമേ 4 പേർ.