കൊച്ചി ∙ ‘‘പണം നിക്ഷേപിച്ചവർ ചോദിച്ചു തുടങ്ങിയതോടെ കുറച്ചു മാസം മുമ്പ് ജോസ് ഒരു ഓൺലൈൻ യോഗം വിളിച്ചു. 1.4 കോടി രൂപ നിക്ഷേപിച്ച ആലുവക്കാരിയായ ഒരു വീട്ടമ്മ ആ മീറ്റിങ്ങിൽ വച്ച് പൊട്ടിക്കരഞ്ഞത് ഓർക്കുന്നു. 30 കൊല്ലത്തോളം ഗൾഫിൽ പണിയെടുത്ത് തിരികെ വന്നപ്പോൾ ആകെയുണ്ടായിരുന്ന സമ്പാദ്യമായിരുന്നു. ജൂൺ അഞ്ചിനകം എല്ലാ പൈസയും തന്നുതീർക്കും എന്നായിരുന്നു അയാൾ ആ യോഗത്തിൽ നൽകിയ വാക്ക്. പക്ഷേ, ഒന്നും സംഭവിച്ചില്ല. അതിനു ശേഷം ഫോൺ വിളിച്ചാലും എടുക്കില്ല. എന്റെ 15 ലക്ഷത്തോളം രൂപ നഷ്ടമായി’’- തൃശൂര്‍ കൂർക്കഞ്ചേരി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന മാനവ കെയർ കേരള (എംസികെ) നിധി കമ്പനി പൂട്ടി ഉടമയും കൂട്ടരും മുങ്ങിയതിനെ കുറിച്ച് പണം നഷ്ടമായ മൂവാറ്റുപുഴ സ്വദേശി പ്രതികരിച്ചത് ഇങ്ങനെയാണ്. നൂറുകണക്കിനു പേർക്കു 100 കോടിയോളം രൂപ തട്ടിപ്പിലൂടെ നഷ്ടമായിട്ടുണ്ടെന്നാണു കണക്ക്. എന്നാൽ താൻ മുങ്ങിയിട്ടില്ലെന്നും 55 കോടി രൂപയൊഴികെ ബാക്കി തുക മടക്കി നൽകിയെന്നുമാണ് എംസികെ ചെയർമാൻ ടി.ടി.ജോസ് പറയുന്നത്.
ഒരു ലക്ഷം മുതൽ ഒന്നര കോടി രൂപ വരെയാണു നൂറുകണക്കിനു നിക്ഷേപകർക്ക് പണം നഷ്ടമായത്. കൂര്‍ക്കഞ്ചേരിയിലെ പ്രധാന ഓഫീസിനു പുറമെ മധ്യ–തെക്കൻ ജില്ലകളിലായി 40 ഇടങ്ങളിലും എംസികെ ഓഫീസ് തുറന്നിരുന്നു. അതെല്ലാം പൂട്ടിയിരിക്കുകയാണ് നിലവിൽ. പരാതിക്കാരിൽ ചിലർ കോടതിയെ സമീപിച്ചതോടെ കമ്പനി ചെയർമാന്റെ കൂർക്കഞ്ചേരിയിലെ വീടും സ്ഥലവും ജപ്തിയുടെ ഭാഗമായി സീൽ ചെയ്തു. നാണക്കേടും പൊലീസ് കേസുമൊക്കെ ഓർത്ത് പരാതി നൽകാത്ത ഒട്ടേറെ പേരുമുണ്ട്.
ആദ്യം ചെറിയ തുക നിക്ഷേപമായി വാങ്ങി മാസാവസാനം പലിശ കവറിലാക്കി കൃത്യമായി എത്തിച്ചു നൽകി വിശ്വാസ്യത നേടുന്ന രീതിയിയായിരുന്നു കമ്പനിയുടേത്. ഇത്തരത്തിൽ വിശ്വാസ്യത നേടിക്കഴിഞ്ഞാൽ നിക്ഷേപകർ കൂടുതൽ തുക കമ്പനിയെ ഏൽപ്പിക്കും. ഈ തുകയ്ക്കും കുറെ നാൾ പലിശ വീട്ടിലെത്തിച്ചു കൊടുക്കും. ബാങ്ക് ഇടപാടുകളില്ല. ഈ രീതിയിൽ നിക്ഷേപകരുടെ സമീപവാസികളുടെയും സുഹൃത്തുക്കളുടെയുമൊക്കെ വിശ്വാസം നേടി അവരെക്കൊണ്ടും പണം നിക്ഷേപിപ്പിക്കുന്നതാണ് രീതി. ഇങ്ങനെയാണ് അഞ്ചുവർഷം കൊണ്ടു കേരളത്തിൽ 40 ലേറെ ശാഖകൾ തുറന്ന് വ്യാപകമായി തട്ടിപ്പു നടത്തിയത്.തൃശ്ശൂര്‍ മുപ്ലിയം തേക്കിലക്കാടന്‍ വീട്ടില്‍ ടി.ടി.ജോസ് ചെയർമാനായി 2019ലാണ് എംസികെ നിധി കമ്പനി ആരംഭിച്ചത്. കഴിഞ്ഞ സെപ്റ്റംബറിനു ശേഷം ഇയാളുടെ കമ്പനി നിക്ഷേപകർക്ക് പലിശയോ മുതലോ നൽകിയിട്ടില്ല എന്നാണ് അറിവ്. ഉടമയെ വിശ്വസിച്ചു ലക്ഷങ്ങൾ നിക്ഷേപിച്ച കമ്പനിയുടെ റീജിയണൽ മാനേജർമാർ വരെയുണ്ട് വഞ്ചിക്കപ്പെട്ടവരിൽ. നിലവിൽ 50ഓളം പേർ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പരാതി നൽകിയിട്ടും ഇയാളെ കണ്ടെത്താനോ പ്രശ്നപരിഹാരത്തിനോ കാര്യമായ ശ്രമമുണ്ടാകുന്നില്ല എന്നും ആരോപണമുണ്ട്.