ലഹരിക്കേസിൽ പ്രയാ​ഗക്ക് ക്ലീൻചിറ്റ്; മൊഴി പുറത്ത്, ശ്രീനാഥ് ഭാസിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

news image
Oct 11, 2024, 3:12 am GMT+0000 payyolionline.in

കൊച്ചി: ​ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസിൽ സിനിമാ താരങ്ങളായ പ്രയാഗക്കും ശ്രീനാഥ് ഭാസിക്കും ഓംപ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന് പൊലീസ്. ഇരുവരുടേയും മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നു. ആഢംബര ഹോട്ടലിൽ എത്തിയത് വെളുപ്പിന് 4 മണിക്കാണ്. ഇവർ 7 മണിയോടെ മടങ്ങുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളടക്കം കാണിച്ചാണ് ഇരുവരേയും ചോദ്യം ചെയ്തത്. അതേസമയം, ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. ഇരുവരും തമ്മിൽ മുൻപ് ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുംമെന്നും പൊലീസ് അറിയിച്ചു.

ഹോട്ടലിൽ പോയത് ശ്രീനാഥ് ഭാസിയും ഫ്ലാറ്റിലുള്ള സുഹൃത്തുക്കളും ചേർന്നാണെന്ന് പ്രയാഗ മാർട്ടിൻ പറയുന്നു. അവിടെ ആരൊക്കെ ഉണ്ടെന്ന് അറിയില്ലായിരുന്നു. വിശ്രമിക്കാൻ ഒരു മുറിയിൽ മാത്രമാണ് കയറിയത്. ഓം പ്രകാശിനെ ഹോട്ടലിൽ കണ്ടില്ലെന്നും പ്രയാഗ പറയുന്നു. ഇരുവരും കാക്കനാടുള്ള ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ശേഷമാണ് ആഡംബര ഹോട്ടലിൽ എത്തിയത്. പ്രയാഗ അവിടെ നിന്നും രാവിലെ കോഴിക്കോടേക്ക് തിരിച്ചു. വാർത്തകൾ വന്ന ശേഷം ഓൺലൈനിലൂടെയാണ് ഓം പ്രകാശിനെ കുറിച്ച് അറിഞ്ഞതെന്നും പ്രയാഗ പൊലീസിനോട് പറഞ്ഞു.

അതേസമയം, ഇരുവരുടെയും ഫോൺ രേഖകൾ വിശദമായി പരിശോധിക്കും. റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള മറ്റുള്ള ആളുകളുടെ മൊഴിയുമായി താരതമ്യം ചെയ്യും. പൊരുത്തക്കേട് കണ്ടെത്തിയാൽ മാത്രമേ ഇരുവരെയും വീണ്ടും വിളിപ്പിക്കുകയുള്ളൂ. പ്രയാഗക്ക് നിലവിൽ ക്ലീൻ ചിറ്റാണ് പൊലീസ് നൽകിയിരിക്കുന്നത്. ശ്രീനാഥ് ഭാസിയും പാർട്ടിക്ക് എത്തിയ ചില സുഹൃത്തുക്കളുമായുള്ള ബന്ധം വിശദമായി പരിശോധിക്കും. പ്രയാഗയ്ക്കും ശ്രീനാഥ് ഭാസിക്കും ഓം പ്രകാശിനെ നേരിട്ട് പരിചയം ഇല്ലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഓംപ്രകാശിനെ സോഷ്യൽ മീഡിയയിൽ കണ്ടുള്ള അറിവ് മാത്രമെന്നാണ് ശ്രീനാഥ് ഭാസിയുടേയും മൊഴി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe