താമരശ്ശേരി (കോഴിക്കോട്) ∙ ഈങ്ങാപ്പുഴ, അടിവാരം മേഖലകളിലെ ലഹരി വ്യാപാരത്തിനും ഉപയോഗത്തിനും തടയിടാൻ നടപടികളുമായി പുതുപ്പാടിയിലെ മഹല്ല് കമ്മിറ്റികൾ. വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികൾ സംയുക്തമായി ഒടുങ്ങാക്കാട് മസ്ജിദ് ഹാളിൽ യോഗം ചേർന്നാണു തീരുമാനമെടുത്തത്. പ്രദേശത്തു രണ്ടു മാസത്തിനിടെ രണ്ടു കൊലപാതകങ്ങൾ നടന്നതോടെയാണ് അടിയന്തര യോഗം ചേർന്നത്.
യോഗത്തിലെ പ്രധാന തീരുമാനങ്ങൾ
∙ ലഹരി ബന്ധങ്ങൾ ഇല്ലാത്തവരുമായി മാത്രമേ വിവാഹം അനുവദിക്കൂ. ലഹരിവസ്തു ഉപയോഗിക്കുന്നതായി അറിയുന്നവർക്കു മഹല്ലുകളിൽനിന്നു വിവാഹ ആവശ്യത്തിനായി സ്വഭാവശുദ്ധി സർട്ടിഫിക്കറ്റുകൾ നൽകില്ല.
∙ പെൺകുട്ടികളുടെ സൗഹൃദങ്ങൾ അപകടം വിളിച്ചു വരുത്താതിരിക്കാൻ ബോധവൽക്കരണം നടത്തും.
∙ രക്ഷിതാക്കൾക്ക് പ്രത്യേക പരിശീലനം നൽകും.
∙ സമൂഹത്തെ വെല്ലുവിളിച്ച് ലഹരി ഇടപാടുമായി നടക്കുന്നവരെ മഹല്ലിൽ ബഹിഷ്കരിക്കും.
∙ ലഹരിക്കെതിരെ മഹല്ല് തലത്തിൽ ബഹുജന കൂട്ടായ്മയും യുവാക്കളുടെ കൂട്ടായ്മയും രൂപീകരിക്കും.
ഈങ്ങാപ്പുഴ കക്കാട് ചൊവ്വാഴ്ച രാത്രിയാണു യുവാവ് ഭാര്യയെ കുത്തിക്കൊന്നത്. രണ്ട് മാസം മുൻപു പുതുപ്പാടിയിൽ യുവാവ് ഉമ്മയെ കഴുത്തറുത്തു കൊന്നിരുന്നു. ഈ മാസമാദ്യം പൊലീസിനെ കണ്ട് എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. ലഹരി ഉപയോഗത്തെത്തുടർന്ന് നിരവധി അക്രമ സംഭവങ്ങളും അരങ്ങേറി. ഇതോടെയാണ് മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശക്തമായ നടപടി തുടങ്ങിയത്.