തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ലഹരി ഒഴുകുന്നത് ട്രെയിൻ മാർഗമെന്ന് സ്ഥിരീകരിച്ച് റെയിൽവേ. 14 മാസത്തിനിടെ തിരുവനന്തപുരം ഡിവിഷനിൽ മാത്രം പിടികൂടിയത് അഞ്ചുകോടി രൂപ വിലവരുന്ന 980 കിലോ മയക്കുമരുന്ന്.
തിരുവനന്തപുരം ഡിവിഷനിൽ കഴിഞ്ഞവർഷം ആകെ പിടികൂടിയ മയക്കുമരുന്നിന്റെ 75 ശതമാനം ഈ വർഷം ആദ്യ രണ്ടുമാസം പിടികൂടി. 2024ല്‍ 2.85 കോടി രൂപ വിലവരുന്ന 559 കിലോ മയക്കുമരുന്നാണ് പിടികൂടിയതെങ്കിൽ ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലുമായി മാത്രം 2.16 കോടി രൂപ വില വരുന്ന 421 കിലോ മയക്കുമരുന്ന് പിടിച്ചതായി ഡിവിഷനൽ സീനിയർ സെക്യൂരിറ്റി കമീഷണർ അറിയിച്ചു. 2024ൽ ലഹരി കടത്തിനിടെ 55 പേർ പിടിയിലായപ്പോൾ ഈ വർഷം ഇതുവരെ 31പേർ അറസ്റ്റിലായി.
പാലക്കാട് ഡിവിഷനിൽ കഴിഞ്ഞവർഷം 155 കേസിൽ 27 പേരെ പിടികൂടി. ഈ വർഷം രണ്ടുമാസത്തിനിടെ 35 കേസിൽ 19 പേരും പിടിയിലായി. പിടിച്ചെടുത്ത ലഹരിയുടെ അളവ് സംബന്ധിച്ച വിശദാംശങ്ങൾ പാലക്കാട് ഡിവിഷൻ പുറത്തുവിടാൻ തയാറായില്ല. പിടികൂടിയ മയക്കുമരുന്നിന്റെ കണക്ക് മാത്രമാണിത്.
അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തുകടത്തിയത് പതിന്മടങ്ങായേക്കുമെന്നാണ് ആശങ്ക. സോണൽ റെയിൽവേ യൂസേഴ്സ് കൺസൽട്ടേറ്റിവ് കമ്മിറ്റി അംഗം അഡ്വ. സിറാജുദ്ദീൻ എല്ലത്തൊടിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ വിവരങ്ങൾ പുറത്തുവിട്ടത്.
പാലക്കാട് ഡിവിഷനിൽ ലഹരികടത്ത് തടയാൻ വിവിധ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സുരക്ഷ പരിശോധനയും മറ്റും വർധിപ്പിച്ചതായി ആർ.പി.എഫ് ചുമതല വഹിക്കുന്ന എ. നവീൻ പ്രസാദ് അറിയിച്ചു. ട്രെയിനിന് പുറമെ ലഹരികടത്തുകാർ ഉപയോഗിക്കുന്ന മറ്റൊരു പ്രധാന മാർഗം അന്തർ സംസ്ഥാന ബസുകളാണ്. ഈ ബസുകളിലെ പരിശോധനക്ക് കാര്യക്ഷമമായ സംവിധാനങ്ങളില്ല. നികുതി സംവിധാനം മാറിയതോടെ അതിർത്തികളിലെ ചെക്പോസ്റ്റ് പരിശോധന ഇല്ലാതായതും ലഹരി മാഫിയക്ക് സൗകര്യമായി.
തലസ്ഥാനത്തെ ലഹരി വിൽപന റാക്കറ്റിലെ പ്രധാനകണ്ണി അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാനത്തെ ലഹരി വിൽപന റാക്കറ്റിലെ പ്രധാനകണ്ണി പാങ്ങപ്പാറ സ്വദേശി സിദ്ധാർഥിനെ (27) എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഒഡിഷയിൽനിന്ന് 250 കിലോ കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്നതിനിടെ മുമ്പും അറസ്റ്റിലായിട്ടുണ്ട്. മൂന്നു വർഷത്തെ തടവിനുശേഷം ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും ലഹരി വിൽപന തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുമ്പോൾ 500 ഗ്രാം ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ്, 24 ഗ്രാം എം.ഡി.എം.എ, 90 എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്തു. ഒഡിഷയിലെ സർവകലാശാല പഠനകാലത്താണ് സിദ്ധാർഥ് ലഹരി മാഫിയയുമായി ബന്ധം സ്ഥാപിക്കുന്നത്. പാങ്ങപ്പാറയിൽ വീട് വാടകക്കെടുത്ത് ലഹരി വസ്തുക്കൾ വിൽപന നടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു.
പ്രത്യേക പരിശോധനയിൽ 232 പേർ അറസ്റ്റിൽ
തിരുവനന്തപുരം: ഓപറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി ശനിയാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വിൽപനയില് ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2703 പേരെ പരിശോധനക്ക് വിധേയമാക്കി. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശംവെച്ചതിന് 227 കേസ് രജിസ്റ്റര്‍ ചെയ്തതിൽ 232 പേർ അറസ്റ്റിലായി. ഈ കേസുകളിലെല്ലാംകൂടി മാരകമയക്കുമരുന്നുകളായ എം.ഡി.എം.എ (0.0253 കി.ഗ്രാം), കഞ്ചാവ് (7.315 കി.ഗ്രാം), കഞ്ചാവ് ബീഡി (159 എണ്ണം) എന്നിവ പൊലീസ് പിടിച്ചെടുത്തു.