കോഴിക്കോട് ∙ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വിൽപന നടത്തുന്ന ഉത്തർപ്രദേശ് സ്വദേശിയിൽ നിന്നു ലഹരി മിഠായി പൊലീസ് കണ്ടെടുത്തു. വിൽപന നടത്തിയ മഹേന്ദ്ര സോൻകാറി(38) നെ അറസ്റ്റ് ചെയ്തു. വെറ്റിലക്കൂട്ട് വിൽപനയുടെ മറവിൽ ലഹരി മിഠായി വിൽപന നടത്തുന്ന വിവരത്തെ തുടർന്നു സിറ്റി ഡാൻസാഫും മെഡിക്കൽ കോളജ് പൊലീസും ചേർന്നു നടത്തിയ പരിശോധനയിൽ പുതിയ പാലത്തിന് അടുത്തു നിന്നാണു പിടികൂടിയത്.
നഗരത്തിൽ വിവിധ ഭാഗത്തു ഇത്തരം ലഹരി മിഠായി വിൽപന നടത്തുന്നതായി പ്രതി പൊലീസിനോട് പറഞ്ഞു. 405 നിരോധിച്ച പുകയില ഉൽപന്നങ്ങളുടെ പാക്കറ്റും 160 ലഹരി മിഠായിയും പ്രതിയിൽ നിന്നു കണ്ടെടുത്തു.ഡാൻസാഫ് അംഗങ്ങൾ ആയ ഇൻസ്പെക്ടർ മനോജ് ഇടയിടത്ത്, എസ്‌സിപിഒ മാരായ അഖിലേഷ്, സരുൺകുമാർ, ഷിനോജ്, മെഡിക്കൽ കോളജ് പൊലീസ് എസ്ഐ അരുൺ, എസ്‌സിപിഒ ബൈജു, സിപിഒ വിജീഷ്, ബിജോ ജയിംസ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.