ലാബുകളിൽ മിന്നൽ പരിശോധന; 1997ൽ കാലാവധി കഴിഞ്ഞസാമഗ്രികൾ കണ്ടെത്തി

news image
Feb 3, 2026, 7:13 am GMT+0000 payyolionline.in

കുമളി: രോഗനിർണയത്തിനായി രക്തപരിശോധന നടത്തുന്ന വണ്ടിപ്പെരിയാറിലെ ലാബുകളിൽ ആരോഗ്യ വകുപ്പ് മിന്നൽ പരിശോധന നടത്തി. 1997ലും 2022ലും കാലാവധി അവസാനിച്ച റീ ഏജൻറുകൾ (രാസപരിശോധന കിറ്റ്) ഉപയോഗിച്ചാണ് പല ലാബുകളും രക്ത പരിശോധന നടത്തിയിരുന്നതെന്ന് കണ്ടെത്തി. പഴകിയതും കാലാവധി കഴിഞ്ഞതുമായ രാസവസ്തുക്കൾ കൂട്ടിക്കലർത്തിയാണ് രക്തപരിശോധനകൾ നടത്തിയിരുന്നതെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്.

ടൈഫോയിഡ്, മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കി, ഹൃദ്രോഗ നിർണയത്തിനുള്ള ടെസ്റ്റ്‌ കിറ്റുകളും റീജന്റ്സും കാലാവധി അവസാനിച്ചത് ഇപ്പോഴും ഉപയോഗിക്കുന്നതായി അധികൃതർ കണ്ടെത്തി. ഇത്തരം പരിശോധനകൾ വഴി തെറ്റായ പരിശോധന ഫലം കാരണം പലരും രോഗികളാക്കപ്പെട്ടതായി അധികൃതർ പറഞ്ഞു. വണ്ടിപ്പെരിയാർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷാജിമോൻ, ലാബ് ടെക്‌നീഷ്യൻ എം. രാജ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ റൊണാൾഡ്, ട്വിങ്കൾ തോമസ്, അഞ്ജലി, അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

രണ്ട് ദന്താശുപത്രികൾ ഉൾപ്പെടെ 10 സ്ഥാപനങ്ങൾക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി നോട്ടിസ് നൽകി. വണ്ടിപ്പെരിയാർ ടൗണിലും സർക്കാർ ആശുപത്രിക്ക് മുന്നിലും പ്രവർത്തിച്ചിരുന്ന മൂന്ന് ലാബുകളാണ് പൂട്ടിയത്. 2022 ൽ കാലാവധി കഴിഞ്ഞ സൊലൂഷനും മരുന്നുകളും ഉപയോഗിച്ചാണ് ദന്താശുപത്രികൾ രോഗികളെ ചികിത്സിച്ചിരുന്നതെന്നും കണ്ടെത്തി. ഹൈകോടതിയുടെ നിർദേശപ്രകാരമാണ് രജിസ്ട്രേഷൻ ഇല്ലാത്ത സ്ഥാപനങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ട് പരിശോധന നടന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe