ലുലു മാളിലെ പാക്‌ പതാക വ്യാജ വാർത്ത; മാർക്കറ്റിങ്‌ മാനേജരെ പുറത്താക്കിയതായി പരാതി

news image
Oct 13, 2023, 9:52 am GMT+0000 payyolionline.in

കൊച്ചി > ലുലു മാളിൽ ഇന്ത്യൻ പതാകയേക്കാൾ വലുപ്പത്തിൽ പാകിസ്ഥാൻ പതാക എന്ന സംഘ്‌പരിവാർ വ്യാജ പ്രചാരണത്തെ തുടർന്ന്‌ മാർക്കറ്റിംഗ് ആൻഡ്‌ ബ്രാൻഡ് കമ്മ്യൂണിക്കേഷൻ മാനേജരെ പുറത്താക്കിയതായി പരാതി. വിദ്വേഷ പ്രചരണങ്ങളെ തുടര്‍ന്ന് പെട്ടെന്നൊരു ദിവസം മുതല്‍ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ലുലു ഗ്രൂപ്പില്‍ മാര്‍ക്കറ്റിങ്ങ് ആന്‍ഡ് ബ്രാന്‍ഡ് കമ്മ്യൂണിക്കേഷന്‍ കൈകാര്യം ചെയ്‌തിരുന്ന ആതിര നമ്പ്യാതിരി ലിങ്ക്ഡ് ഇന്നിൽ പറഞ്ഞു.

പത്ത്‌ വർഷം മുഴുവൻ സ്ഥാപനത്തിനായി ജോലി ചെയ്‌ത തനിക്ക് വ്യാജപ്രചരണങ്ങള്‍ കാരണം ജോലി നഷ്‌ടപ്പെട്ടെന്നും ഇന്ത്യക്കാരിയാണെന്നതിൽ അഭിമാനിക്കുന്ന ആളാണ് താനെന്നും, ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയിൽ തന്റെ രാജ്യത്തോട് അഗാധമായ സ്നേഹം പുലർത്തുന്നുണ്ടെന്നും ആതിര തന്‍റെ പോസ്റ്റിൽ പറയുന്നുണ്ട്. വിദ്വേഷം പ്രചരിപ്പിക്കുന്നതിൽ നിന്നും വ്യക്തികളുടെ ജീവിതവും ജോലിയും ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നു. തനിക്ക് ഉണ്ടായത് ഒരു നഷ്ടമാണെന്നും പക്ഷേ ഈ വെറുപ്പ് ആരെയും ബാധിക്കരുതെന്നും പറഞ്ഞാണ് ആതിര തന്‍റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഏകദിന ലോകകപ്പ് പ്രമാണിച്ച് ടൂർണമെൻറിൽ പങ്കെടുക്കുന്ന വിവിധ ടീമുകളുടെ കൊടികൾ മാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ ഉയരത്തിൽ വെച്ചതിനാൽ ചിലത് വലുതും ചെറുതുമായാണ് ചിത്രങ്ങളിൽ കാണുന്നത്. എന്നാൽ യഥാർത്ഥത്തിൽ അവയെല്ലാം ഒരേ വലുപ്പമുള്ളവയാണ്. ഫോട്ടോയുടെ ആംഗിളിന് അനുസരിച്ച് ഇവയുടെ വലിപ്പത്തിൽ തോന്നുന്ന വ്യത്യാസം വ്യാജ വാർത്ത പ്രചരിപ്പിക്കാൻ സംഘ്‌പരിവാർ ദുരുപയോഗിക്കുകയായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe